വാഷിങ്ടൺ: ഇറാൻ എന്ന രാജ്യം ഇന്ന് രാത്രിയോടെ ഇല്ലാതാകുമെന്ന ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഒരിക്കലും തിരിച്ചുപിടിക്കാനാവാത്ത വിധം ഒരു വലിയ നാഗരികത പൂർണ്ണമായും നശിക്കുമെന്നാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ' അദ്ദേഹം വ്യക്തമാക്കിയത്.
ഇത്തരമൊരു വിനാശം സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും അത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണ്ണായകമായ നിമിഷങ്ങളിലൊന്നാണ് വരാനിരിക്കുന്നതെന്നും ട്രംപ് തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തു.
ഒരു വലിയ നാഗരികത ഇന്ന് രാത്രിയോടെ എന്നെന്നേക്കുമായി ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും അത് സംഭവിക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും ട്രംപ് കുറിച്ചു. എന്നാൽ ഭരണമാറ്റത്തിലൂടെ കൂടുതൽ ബുദ്ധിശാലികളും തീവ്രവാദ ചിന്താഗതി ഇല്ലാത്തവരുമായ ആളുകൾ അധികാരത്തിൽ വരികയാണെങ്കിൽ ഒരുപക്ഷേ അത്ഭുതങ്ങൾ സംഭവിച്ചേക്കാം. കഴിഞ്ഞ 47 വർഷമായി ഇറാനിൽ നിലനിൽക്കുന്ന അഴിമതിക്കും അക്രമങ്ങൾക്കും അന്ത്യം കുറിക്കാനാണ് താൻ ലക്ഷ്യമിടുന്നത്. ഇറാനിലെ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കെ ട്രംപ് നടത്തിയ ഈ പരാമർശങ്ങൾ വലിയ രാജ്യാന്തര ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇറാനു നേരെ അമേരിക്ക ഇന്ന് രാത്രി തന്നെ കടുത്ത സൈനിക നീക്കം നടത്തിയേക്കുമെന്ന സൂചനയാണ് ട്രംപിന്റെ വാക്കുകൾ നൽകുന്നത്.






