
ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ദയനീയ പ്രകടനം കാഴ്ച്ചവെക്കുന്ന ഡല്‍ഹി ഡയര്‍ ഡെവിള്‍സിന്റെ നായകസ്ഥാനം ഒഴിഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ശേഷിക്കുന്ന മത്സരങ്ങളില്‍ ശേയസ് അയ്യരായിരിക്കും ഡല്‍ഹി നായകന്. പരിശീലകന് റിക്കി പോണ്ടിങ്, പുതിയ നായകന്, ഡല്‍ഹി ടീമിന്റെ സിഇഒ എന്നിവര്‍ക്കൊപ്പം സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനമൊഴിയുന്ന വിവരം ഗംഭീര്‍ അറിയിച്ചത്.
ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും ശ്രേയസ് ഇനി ഡല്‍ഹിയെ നയിക്കുമെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധ ചെയ്ത് ഗംഭീര്‍ പറഞ്ഞു. ഇത് തന്റെ മാത്രം തീരുമാനമാണെന്നും ഗംഭീര്‍ അറിയിച്ചു.
ടീമിന്റെ മോശം പ്രകടനത്തിന് പുറമെ വ്യക്തിപരമായും ഫോം നഷ്മായതാണ് ഗംഭീര്‍ നായക സ്ഥാനം ഒഴിയാന്‍ കാരണം. ഐ.പി.എല്ലില്‍ ആറ് മത്സരങ്ങള്‍ കഴിയുമ്പോള്‍ അഞ്ചിലും ഡല്‍ഹി തോറ്റിരുന്നു. ആദ്യ മത്സരത്തിലെ അര്‍ദ്ധ സെഞ്ച്വറിക്ക് ശേഷം ഗംഭീരിന് മികച്ച റണ്‍സ് കണ്ടത്താന്‍ ആയിട്ടില്ല. നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം തന്റേതു മാത്രമാണെന്നും ഇക്കാര്യത്തില്‍ ടീം മാനേജ്മെന്റ് ഒരു തരത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.






