
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജിയാകും. കോളീജിയത്തിന്റെ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണു വഴി തെളിഞ്ഞത്. ഇന്ദു മല്‍ഹോത്ര വെള്ളിയാഴ്ച ജഡ്ജിയായി അധികാരമേല്‍ക്കും. അഭിഭാഷക സ്ഥാനത്തുനിന്നു നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വനിതയാണ് ഇന്ദു മല്‍ഹോത്ര.
ഇന്ദു മല്‍ഹോത്രയ്ക്കൊപ്പം ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെയും ശിപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. മൂന്നു മാസം മുമ്പാണ് കൊളീജിയം സര്‍ക്കാരിനു ശിപാര്‍ശ നല്‍കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വര്‍, രജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, കുര്യന് ജോസഫ് എന്നിവരാണ് അഞ്ചംഗ കൊളീജിയത്തിലുള്ളത്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകയാണ് ഇന്ദു മൽഹോത്ര. സുപ്രീം കോടതിയിൽ നേരിട്ടു നിയമിക്കപ്പെടുന്ന ആദ്യ വനിതാ അഭിഭാഷകയാണ് ഇവർ. സുപ്രീം കോടതി ജഡ്ജിയാവുന്ന ഏഴാമത്തെ വനിതയും. ജസ്റ്റിസ് ഫാത്തിമ ബീവിയാണു സുപ്രീം കോടതി ജഡ്ജിയായ ആദ്യ വനിത.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഒ.പി.മൽഹോത്രയുടെ മകളായ ഇന്ദുവിന് 2007ലാണു സുപ്രീം കോടതിയിൽ സീനിയർ പദവി ലഭിച്ചത്. അതിനു 30 വർഷം മുൻപു ലീലാ സേത്തിനു സീനിയർ പദവി ലഭിച്ചു. ലീലാ സേത്ത് പിന്നീടു ജഡ്ജിയായി.






