
കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ ഹൈക്കോടതിയില്‍. കോട്ടയം മൗണ്ട് കാര്‍മല്‍ വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായ അമീയ സലീമിന്റെ ഹര്‍ജിയിലാണ് സിബിഎസ്ഇയുടെ വിശദീകരണം.
2016ല്‍ സഹോദരന് എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് അമീയ പരീക്ഷയെഴുതാന്‍ ഉപയോഗിച്ചതെന്നും വിശദീകരണം. അതേസമയം സിബിഎസ്ഇയുടെ വാദം പച്ചക്കള്ളമെന്ന് അമീയയുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് സിബിഎസ്ഇ ഹൈക്കോടതിയില്‍ എതിര് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ മാറി നല്കിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പുന:പരീക്ഷ നടത്താമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
2018 മാര്‍ച്ച് 28നു നടന്ന സിബിഎസ്ഇ കണക്ക് പരീക്ഷയില്‍ തനിക്ക് ലഭിച്ചത് പഴയ ചോദ്യപ്പേര്‍ ആണെന്നാണ് വിദ്യാര്‍ത്ഥിനി ആരോപിക്കുന്നത്. പരീക്ഷയ്ക്കു ശേഷം കൂട്ടുകാരുമായി സംസാരിച്ചപ്പോഴാണ് ചോദ്യപ്പേര്‍ മാറിയ കാര്യം വ്യക്തമായതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞിരുന്നു. ഇതേതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ സിബിഎസ്ഇയ്ക്ക് പരാതി നല്‍കിയിരുന്നു. മറ്റു കുട്ടികളുടേതിന് സമാനമായ ചോദ്യപേപ്പറില്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കളും പരാതി നല്‍കിയിരുന്നു.






