
ലോകപ്രശസ്ത ഫുട്ബോള്‍ ലീഗുകളില്‍ ഒന്നായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ പന്തു തട്ടാന്‍ ലോകത്തുടനീളമുള്ള ഏത് ഫുട്ബോള്‍ താരമാണ് ആഗ്രഹിക്കാത്തത്. പ്രീമിയര്‍ ലീഗില്‍ നിന്നും വിരമിച്ച പല താരങ്ങളും ഇന്ത്യയുടെ ഐഎസ്എല്‍ പോലെയുള്ള ലീഗുകളില്‍ ഇതിഹാസ താരങ്ങളുമാണ്. അപ്പോള്‍ ഐഎസ്എല്ലില്‍ നിന്നും ഒരാള്‍ പ്രീമിയര്‍ ലീഗില്‍ കളിച്ചാലോ, അതും സൂപ്പര്‍ലീഗില്‍ ഏറ്റവും ആരാധകരുള്ള മഞ്ഞപ്പടയായ കേരളാ ബ്ളാസ്റ്റേഴ്സിന്റെ താരമായിരുന്ന ഒരാള്‍ കൂടിയാകുമ്പോഴോ?
ഞെട്ടേണ്ട, പ്രീമിയര്‍ ലീഗിലെ അടുത്ത സീസണില്‍ പന്തു തട്ടാന്‍ കേരളാ ബ്ളാസ്റ്റേഴ്സിന്റെ ഒരു മുന്‍താരം തയ്യാറെടുക്കുകയാണ്. ബ്ളാസ്റ്റേഴ്സ് റണ്ണറപ്പുകളായ മൂന്നാം സീസണില്‍ കോപ്പലാശാനു കീഴില്‍ മഞ്ഞയില്‍ കളിച്ചാടിയ ഹെയ്തി താരം ഡക്കന്‍സ് നാസണെ ഓര്‍ക്കുന്നുണ്ടോ? കൊലുന്നനെയുള്ള ആ കറുമ്പന് പ്രീമിയര്‍ ലീഗ് ക്ളബ്ബായ വോള്‍വര്‍ ഹാംപ്ടന്‍ വാണ്ടറേഴ്സിന് വേണ്ടി ചിലപ്പോള്‍ അടുത്ത സീസണില്‍ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്എല്ലിന് ശേഷം താരം നേരെ ചെന്നു കയറിയത് വോള്വറിലായിരുന്നു. പക്ഷേ വോള്‍വസ് ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ കവന്‍ട്രി സിറ്റിക്ക് വായ്പ നല്കി.
കവന്‍ട്രിയില്‍ താരം മോശമാക്കിയില്ല. 21 കളികളില്‍ നിന്നും ആറ് ഗോളുകള്‍ നേടി. കഴിഞ്ഞ വര്‍ഷം അടുത്ത സീസണില്‍ ഓള്‍ഡാം അത്ലറ്റിക്കിനായിരുന്നു വായ്പയ്ക്ക് നല്‍കിയത്. ഇവിടെ 11 കളികളില്‍ നാലു ഗോളും നേടി. അടുത്ത സീസണില്‍ താരം വീണ്ടും വോള്‍വസിന്റെ നിരയില്‍ തന്നെയെത്തും. 2019 വരെയാണ് താരം വോള്വസുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അതിനാല്‍ അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം കിട്ടിയിരിക്കുന്ന ക്ളബ്ബ് താരത്തെ നില നിര്‍ത്തിയാല്‍ ഐഎസ്എല്ലിന് ശേഷം പ്രീമിയര്‍ ലീഗ് കളിക്കുന്ന ആദ്യ താരമാകും നാസണ്.
നാസന് നിലവില്‍ കളിക്കുന്ന ഓള്‍ഡാം അത്ലറ്റിക്ക് ടയര്‍ ത്രീ ലീഗിലാണ് കളിക്കുന്നത്. ഇനി കേവലം മൂന്ന് മത്സരങ്ങള്‍ കൂടി മാത്രമാണ് ബാക്കിയുള്ളത്. അത് കൂടി കഴിഞ്ഞാല്‍ നാസന്റെ വായ്പാ കാലാവധി അവസാനിക്കും. പിന്നീട് തന്റെ മാതൃക്ളബ്ബില് തുടരാനായാല്‍ നാസണ് പ്രീമിയര്‍ ലീഗില്‍ കളിക്കാനാകും. ഐഎസ്എല്ലിലെ മൂന്നാം സീസണില്‍ ബ്ളാസ്റ്റേഴ്സിനായി ബൂട്ട് കെട്ടിയ നാസണ് 12 മത്സരങ്ങള്‍ കളിക്കുകയും രണ്ടു ഗോളുകള്‍ നേടുകയും ചെയ്തിരുന്നു. നാസണ് നല്‍കുന്നത് ഇന്ത്യന്‍ ഫുട്ബോളിലെ ഒരു നല്ല സൂചനയാണെന്നാണ് വിലയിരുത്തല്‍.
പതിവായി വെറ്ററന്‍മാരെ കരാര്‍ ചെയ്യുന്നതിന് പകരമായി കൂടുതല്‍ യുവതാരങ്ങള്‍ കളിക്കാനെത്തുന്നു എന്നത് ഗുണകരമാകും. കഴിഞ്ഞ സീസണില്‍ ഐഎസ്എല്ലില്‍ കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍ താരങ്ങളായ ദിമിത്രി ബര്‍ബറ്റോവ്, വെസ് ബ്രൗണ്‍, മുന്‍ ടോട്ടനം താരം റോബി കീന്‍ എന്നിവരെല്ലാം ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ മുന്‍ താരങ്ങളാണ്.






