
കറുപ്പാണെങ്കിലും വെളുപ്പാണെങ്കിലും തിളങ്ങുന്ന മുഖം ആത്മവിശ്വാസം വര്‍ധിപ്പിക്കും. നിത്യവും കഴിക്കുന്ന ആഹാരം, ദഹനപ്രക്രീയയുടെ താളക്രമം, ഉറക്കം, മാനസിക ഭാവങ്ങള്‍ തുടങ്ങി ഭൗതിക ചുറ്റുപാടുകള്‍ വരെ മുഖസൗന്ദര്യത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്നുണ്ട്.
മുഖചര്‍മത്തിന്റെ പ്രത്യേകത
എണ്ണമയമുള്ള മുഖചര്മ്മമുള്ളവരും വരണ്ട ചര്‍മ്മമുള്ളവരും എന്ന് പൊതുവെ രണ്ടായി പറയപ്പെടുന്നുണ്ടെങ്കിലും ആയുര്‍വേദശാസ്ത്രമനുസരിച്ച് മൂന്ന് തരത്തില്‍ കാണപ്പെടുന്നു. വാതികസ്വഭാവത്തോടു കൂടിയ ചര്‍മം കനം കുറഞ്ഞതും വരണ്ടതും തൊട്ടാല്‍ തണുപ്പ് അനുഭവപ്പെടുന്നതും ചുളിവുകള്‍ എളുപ്പം വീഴുവാന്‍ സാധ്യതയുള്ളതുമാണ്.
ഇത്തരക്കാരില്‍ വിവിധതരം എണ്ണകള്‍ പുറമെ പുരട്ടുന്നതും നന്നായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. അല്ലെങ്കില്‍ പെട്ടെന്ന് ചുളിവുകള്‍ വീണ് സൗന്ദര്യം കുറയാന്‍ ഇടവരും.
മറ്റൊരു വിഭാഗം, പൈത്തിക സ്വഭാവത്തോടു കൂടിയ ചര്‍മ്മമുള്ളവരാണ്. ഇവരുടെ ചര്‍മം ഒരുവിധം കനത്തോടു കൂടിയും മൃദുവായതും തൊട്ടാല്‍ ചൂട് അനുഭവപ്പെടുന്നതും പാടുകളും മറുകുകളും ഉണ്ടാകാന്‍ സാധ്യത കൂടിയവരുമാണ്.
ഇത്തരക്കാരില്‍ കൃത്രിമമായതും രാസവസ്തുക്കള്‍ ചേര്‍ത്തതുമായ സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉപയോഗം മൂലം പൊതുവെ വിപരീതഫലങ്ങള്‍ അഥവാ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായികാണാറുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരം ചര്‍മ്മമുള്ളവര്‍ വിദഗ്ധ ഉപദേശം കൂടാതെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് സൂക്ഷിക്കണം. അതുപോലെ കൂടുതല്‍ എരിവ്, മസാലകള്‍ ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതും നല്ലതാണ്.
മൂന്നാമത്തെ വിഭാഗം, ചില ആളുകളില്‍ ചര്‍മ്മം മൃദുവായതും എന്നാല്‍ കട്ടിയുള്ളതും എണ്ണമയത്തോടു കൂടിയതുമായിരിക്കും. ഇത്തരം ആളുകളില്‍ മുഖത്ത് ചുളിവുകള്‍ സാവകാശമേ പ്രത്യക്ഷപ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ ഈ വിഭാഗക്കാര്‍ക്ക് എണ്ണയുടെയും മധുരപദാര്ഥങ്ങളുടെയും ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതാണ്.
ത്വക്കിന്റെ സൗന്ദര്യമെന്നത് ശരീരത്തിലെ ആമാശയത്തിലും കോശങ്ങളിലും നടക്കുന്ന ദഹനപ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. മേല്‍പ്പറഞ്ഞ പ്രവര്‍ത്തനത്തിന്റെ വൈകല്യം മൂലം ഉല്പാദിപ്പിക്കപ്പെടുന്ന ചില വിഷസ്വഭാവങ്ങള് മുഖക്കുരു പോലെയുള്ള ആരോഗ്യസൗന്ദര്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
മുഖക്കുരുവിന് പരിഹാരം
കൗമാരക്കാരില്‍ കൂടുതലായും കണ്ടുവരുന്ന സൗന്ദര്യആരോഗ്യ പ്രശ്നമായ മുഖക്കുരു ഗുരുതരമായ അസുഖമല്ലെങ്കിലും അതുളവാക്കുന്ന മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇതുമൂലം കൗമാരക്കാരില്‍ ഉത്ക്കണ്ഠയും അപകര്‍ഷതാബോധവും കണ്ടുവരാറുണ്ട്. മാനസികപിരിമുറുക്കം ഈ പ്രശ്നത്തെ കൂട്ടുവാനെ ഉപകരിക്കുകയുള്ളൂ.
ആഹാരനിയന്ത്രണവും അല്പം ശ്രദ്ധയും ഉണ്ടെങ്കില്‍ ഇത് പരിഹരിക്കാവുന്നതേ ഉള്ളൂ. മുഖക്കുരുവിന്റെ പ്രശ്നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.






