
ഡബ്ലിന്‍ : ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗത്തിന് അയര്‍ലന്‍ഡിലെ ഹിതപരിശോധനയില്‍ വന്‍ വിജയം ഉറപ്പെന്ന് സൂചന. രണ്ട് എക്സിറ്റ് പോളുകളിലും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വന്‍ വിജയം നേടുമെന്നാണ് പ്രവചനം. വോട്ടെണ്ണല്‍ ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ഭൂരിപക്ഷം കേന്ദ്രങ്ങളിലും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ വോട്ടാണ് മുന്നില്‍.
രാജ്യം ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് ഇന്ത്യന്‍ വംശജനും ഡോക്ടറുമായ അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലീയോ വരാഡ്കറും പ്ര്യാപിച്ചു.
അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ജീവിക്കാനുള്ള തുല്യ അവകാശം നല്കുന്ന ഭരണഘടന ഭേദഗതി 1983 ലാണ് രാജ്യത്തുണ്ടായത്. പല ദശകങ്ങള്‍ക്കിടയില്‍ ഈ വിഷയത്തില്‍ മൂന്നുവട്ടം ഐറിഷ് ജനത വോട്ട് ചെയ്തു കഴിഞ്ഞു. ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായി നിരോധിച്ചിട്ടുള്ള അയര്‍ലന്‍ഡില്‍ 2013 ല്‍ മാത്രമാണ് അമ്മയുടെ ജീവന് അപകടത്തിലാണെങ്കില്‍ മാത്രം ഗര്‍ഭച്ഛിദ്രമാകാം എന്ന ഭേദഗതി വന്നത്. ഇന്ത്യക്കാരിയായ യുവതി ഡോ. സവിതയുടെ മരണത്തെ തുടര്‍ന്നായിരുന്നു അത്.
അയര്‍ലന്‍ഡിലെ വോട്ടെടുപ്പ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമാകുന്നതില്‍ സവിതയുടെ മാതാപിതാക്കളും സന്തോഷം പ്രകടിപ്പിച്ചു. 'സവിതയ്ക്ക് നീതി ലഭിച്ചു. എന്റെ മകള്‍ക്ക് സംഭവിച്ചത് മറ്റാര്‍ക്കും ഇനി സംഭവിക്കരുത്. ഈ ചരിത്ര നിമിഷത്തില്‍ അയര്‍ലന്റിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല'- സവിതയുടെ പിതാവ് അന്ദനപ്പ യാലഗി പറഞ്ഞു.






