കോട്ടയം: പ്രണയ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ തട്ടിക്കൊണ്ടു പോയ ഗുണ്ടാസംഘം അന്വേഷിച്ച് വന്നത് യുവതിയെ. നീനു എവിടെ എന്ന് ചോദിച്ചാണ് പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം എത്തിയതെന്ന് കെവിന്റെ ബന്ധു മൊഴി നല്കി. പെണ്‍കുട്ടി ഇല്ലെന്ന് കണ്ടാണ് കെവിനെ തട്ടിക്കൊണ്ടു പോയതെന്നും ബന്ധു പറയുന്നു. നീനുവിനെ കിട്ടുമ്പോള്‍ ഇവനെ വിട്ടയക്കാം എന്നു പറഞ്ഞാണ് അക്രമികള്‍ കെവിനെ കൊണ്ടുപോയതെന്നും ബന്ധുവായ അനീഷ് പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ അക്രമി സംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടു പോയത്. ഒപ്പം കൊണ്ടുപോയ ബന്ധു അനീഷിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ദുരഭിമാന കൊലയാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. കെവിന് ദളിത് കൈക്രസ്തവനാണ്. നീനുവിന്റെ വീട്ടുകാര്‍ ആര്.സി പശ്ചാത്തലമുള്ളവരും സാമ്പത്തികമായി നല്ല നിലയിലുള്ളവരുമാണ്. സാമ്പത്തികവും ജാതീയവുമായ അന്തരമാണ് നീനുവിന്റെ വീട്ടുകാരെ വിവാഹത്തെ എതിര്‍ക്കാന്‍ പ്രേരിപ്പിച്ചത്.
നീനുവും കെവിനും തമ്മില്‍ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. നീനുവിന് മറ്റൊരു വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെയാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് നിര്‍ദ്ദേശ പ്രകാരം നീനുവിനെ ഹാജരാക്കിയപ്പോള്‍ കെവിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതിന് ശേഷവും ഭീഷണി തുടര്‍ന്നതിനാല്‍ കെവിന് നീനുവിനെ അമ്മഞ്ചേരിയിലെ ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയിരുന്നു.
കെവിന് മാന്നാനത്തെ അമ്മാവന്റെ വീട്ടിലേക്കും മാറി. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മുന്ന് കാറുകളിലായി പത്തംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ടു പോകാന്‍ അക്രമി സംഘം എത്തിയത്. വീട്ടുപകരണങ്ങളെല്ലാം അടിച്ചു തകര്‍ത്ത ശേഷമാണ് കെവിനെ അക്രമികള്‍ കൊണ്ടുപോയത്. ബഹളം കേട്ട് അയല്‍ വീട്ടുകാര്‍ ഉണര്‍ന്നുവെങ്കിലും അക്രമികള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ ആരും പുറത്തിറങ്ങിയില്ല.






