
പാലക്കാട്: വൈദ്യപരിശോധനയ്ക്കെത്തിയ ആദിവാസി പെണ്‍കുട്ടിയെ പരിശോധിക്കാതെ ആറു മണിക്കൂര്‍ കാത്തുനിര്‍ത്തിയതായി പരാതി. സംഭവം വിവാദമായതോടെ പരിശോധിക്കാന്‍ ഡോക്ടര്‍ തയ്യാറാകുകയായിരുന്നു.
പോസ്കോ നിയമപ്രകാരമുള്ള കൂട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായത്. വെള്ളിയാഴ്ച രണ്ടരയോടെയാണ് പോലീസ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ കൊണ്ടുചെന്നത്. എന്നാല്‍ ഡോക്ടര്‍ ശ്രീജ പിന്നീട് പരിശോധിക്കാമെന്ന് പറയുകയായിരുന്നു.
മന്ത്രി എ.കെ. ബാലന്റെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യയാണ് ശ്രീജ. പെണ്‍കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തശേഷം പിന്നീട് പരിശോധിക്കാമെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇത്തരത്തില്‍ നിരവധി കേസുകള്‍ ഡോക്ടര്‍ ശ്രീജ പരിശോധിക്കാതെ വിട്ടതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഇതേ ഡോക്ടര്‍ തന്നെ പരിശോധിക്കുകയും ചെയ്തു. ശസ്ത്രക്രിയ ആയതിനാലാണ് വൈകിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷിതാക്കളുടെ അനുവാദമില്ലാതെ വിളിച്ചുകൊണ്ടുവന്ന് താമസിപ്പിച്ചതിന് ആദിവാസി യുവാവായ ഉണ്ണികൃഷ്ണനെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അടുത്തുള്ള ഒടുകിന്കുണ്ട് ഭാഗത്തുള്ള ക്ഷേത്രത്തില്‍ വച്ച് അന്യോന്യം മാലയിട്ട് വിവാഹിതരായ ശേഷം കണക്കന് തുരുത്തിന് സമീപമുള്ള വീട്ടില്‍ ഇരുവരും താമസിക്കുകയായിരുന്നു. വിവര മറിഞ്ഞ പോലീസ് ഇരുവരേയും കൂട്ടിക്കൊണ്ടു വന്നശേഷം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പാലക്കാട് മഹിളാമന്ദിരത്തിലെത്തിച്ചിരുന്നു.






