പാട്ന: ജനം തീരുമാനിച്ചാല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അതിനെ ആര്‍ക്കും തടുക്കാനാകില്ലെന്നും ആര്.ജെ.ഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി യോജിപ്പിച്ച് കൊണ്ടുപോകുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്കിയപ്പോള് ഒന്നും രണ്ടും യു.പി.എകള്‍ സാധ്യമായി. കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ണമാകില്ലെന്നും തേജസ്വി പറഞ്ഞു.
ബീഹാറിലെ ജോകിഹട്ട് അസംബ്ലി സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജെ.ഡി.യു-ബി.ജെ.പി സഖ്യത്തെ തറപറ്റിച്ച് ആര്.ജെ.ഡി സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. അസംബ്ലി ഉപതെരഞ്ഞെടുപ്പിലെ മിന്നുന്ന ജയത്തിന് പിന്നാലെ ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി. 18 സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ നേരിട്ട് എതിര്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈഗോ മാറ്റിവച്ച് എല്ലാവരും യോജിക്കേണ്ട സമയമാണിതെന്നും തേജസ്വി പറഞ്ഞു.
ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ എന്താണ് തെറ്റന്ന് തേജസ്വി ചോദിച്ചു. ജനാധിപത്യത്തില്‍ എല്ലാവര്ക്കും അവരുടെ നിലപാട് പറയാന്‍ അവകാശമുണ്ട്. രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ജനം തീരുമാനിച്ചാല്‍ ആര്‍ക്കും തടുക്കാനാകില്ല. പ്രതിപക്ഷ ഐക്യത്തിനായി ആര്.എല്‍.ഡി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും തേജസ്വി പറഞ്ഞു.
മോഡി തരംഗം നുണകളാല്‍ കെട്ടിപ്പൊക്കിയതാണെന്ന് തേജസ്വി പറഞ്ഞു. ബി.ജെ.പിയുടെ വോട്ട് വിഹിതം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2014ലെ വിജയം 2019ലും ആവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മഹാസഖ്യം തകര്‍ത്ത് ബി.ജെ.പിക്കൊപ്പം പോയ നിതീഷ് കുമാര്‍ ജനവിധിയെ അപമാനിച്ചു. നിതീഷ് കുമാറിനും ബി.ജെ.പിക്കും യാതൊരു ആദര്‍ശവും ഇല്ലെന്നും തേജസ്വി കുറ്റപ്പെടുത്തി.






