ലോകോത്തര കോഫി ഷോപ്പായ സ്റ്റാര്‍ബക്സ് തലപ്പത്തുനിന്നും ഹൊവാര്‍ഡ് ഷുല്‍റ്റ്സ് പടിയിറങ്ങുന്നു. 64 കാരനായ ഷുല്റ്റ്സ ഈ മാസം 26ന് അദ്ദേഹം കമ്പനി വിടുമെന്ന് സ്റ്റാര്‍ബക്ക്സ് പ്രസ്താവനയില്‍ അറിയിച്ചു. നാല് പതിറ്റാണ്ടിലേറെ കമ്പനിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സ്ഥാനമൊഴിയുന്നത്.
ലോകത്തിന്റെ എല്ലാ മൂലകളിലും തങ്ങളുടെ സ്ഥാപനത്തിന്റെ സാന്നിദ്ധ്യം അറിയിച്ച ശേഷമാണ് പുറത്തിറങ്ങുന്നത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടാണ് ഷുല്റ്റ്സിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം അദ്ദേഹം കെവിന് ജോണ്സണ് കൈമാറിയിരുന്നു. പിന്നീട് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി തുടരുകയായിരുന്നു.
1982ല്‍ സ്റ്റാര്‍ബക്ക്സിന്റെ ഓപ്പറേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ച് തുടങ്ങിയ ഷുല്‍റ്റ്സ് കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഇന്ന് 77 രാജ്യങ്ങളിലായി 28,000ലേറെ ഔട്ട് ലെറ്റുകള്‍ കമ്പനിക്കുണ്ട്. കോളജ് വിദ്യാര്‍ഥികളും ചെറുപ്പക്കാരും ഗ്രൂപ്പ് പഠനങ്ങള്‍ക്കും ഒത്തു ചേരലിനും സ്റ്റാര്‍ബക്ക്സ് ഷോപ്പുകളെ ആശ്രയിക്കുന്നുണ്ട്.






