
തിരുവനന്തപുരം: തമിഴ്സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശവും താരത്തിനെതിരേയുള്ള പ്രതിഷേധങ്ങളും ശക്തമാകുമ്പോള്‍ താരത്തിന്റെ കാലായ്ക്ക് തമിഴ്നാട്ടിലും കേരളത്തിലും വന്‍ സ്വീകരണം. കേരളത്തിലും തമിഴ്നാട്ടിലും ഇന്ന് രാവിലെ മുതല്‍ പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ കര്‍ണാടകത്തില്‍ സിനിമ ഇതുവരെ പ്രദര്‍ശനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
കേരളത്തില്‍ 300 കേന്ദ്രങ്ങളിലും തമിഴ്നാട്ടില്‍ 650 കേന്ദ്രങ്ങളിലും കര്‍ണാടകത്തില്‍ 150 കേന്ദ്രങ്ങളിലുമാണ് സിനിമ ഇന്ന് റിലീസ് ചെയ്യുന്നത്. തിരുവനന്തപുരത്ത് എട്ട് തീയറ്ററുകളിലും ചെന്നൈയില്‍ രണ്ടു തീയറ്ററുകളിലും പുലര്‍ച്ചെയായിരുന്നു റിലീസ്. രജനീവിഷയങ്ങള് സജീവ ചര്‍ച്ചയായി മാറിയിരിക്കുന്ന തമിഴ്നാട്ടില്‍ ആദ്യ ഷോയ്ക്ക് ആരാധകര്‍ വന്‍ സ്വീകരണം നല്കി. കാലയുടെ ബനിയന് ധരിച്ചായിരുന്നു കടുത്ത രജനീആരാധകര് സിനിമ കാണാനെത്തിയത്. മിക്കയിടത്തും രണ്ടാമത്തെ ഷോയ്ക്ക് തിരക്കേറുന്നുണ്ട്. നല്ല പ്രതികരണമാണ് സിനിമയ്ക്ക തമിഴ്നാട്ടില്‍ കിട്ടുന്നത്.
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിന് ശേഷം വരുന്ന ആദ്യ സിനിമ എന്ന നിലയിലാണ് കാലാ ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ ടീസര്‍ മുതല്‍ ആരാധകര്‍ ആകാംഷയിലായിരുന്നു. അതേസമയം തൂത്തുക്കുടി സമരവുമായി ബന്ധപ്പെട്ട് താരം വലിയ വിമര്‍ശനം നേരിട്ട സാഹചര്യത്തില്‍ മറ്റു രജനി സിനിമകള്‍ക്ക് കിട്ടിയ ഒരു ആദ്യ പ്രതികരണം കാലായ്ക്ക് കിട്ടിയില്ല എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ രണ്ടു തീയറ്ററുകളില്‍ മാത്രമാണ് പുലര്‍ച്ചെ തന്നെ സിനിമ പ്രദര്‍ശിപ്പിച്ചത്.
മറ്റു നഗരങ്ങളില്‍ 8 മണിയോടെയാണ് ഷോ തുടങ്ങുക. തൂത്തുക്കുടി പരാമര്‍ശം നെഗറ്റീവ് പബ്ളിസിറ്റി ഉണ്ടാക്കിയതിനാല്‍ സിനിമയിലെ രജനീകാന്താണോ ജീവിതത്തിലെ രജനീയാണോ യഥാര്‍ത്ഥ ആള് എന്നതാണ് ആരാധക സംശയം. മിക്ക തീയറ്ററുകളിലും അഡ്വാന്‍സ് ബുക്കിംഗ് ഇല്ലായിരുന്നു. വന്‍ ഹിറ്റായ കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന കാലാ ധാരാവിയില്‍ രാജാവായി മാറുന്ന തിരുനെല്വേലിക്കാരന്റെ കഥ പറയുന്ന സിനിമയാണ്.
കേരളത്തില്‍ തിരുവനന്തപുരത്തെ എട്ട് തീയറ്ററുകളില്‍ രാവിലെ 6 മണിയോടെ സിനിമ പ്രദര്‍ശനം തുടങ്ങി. ആറുമണിക്കാണ് ആദ്യഷോ. മറ്റ് രജനി ചിത്രം പോശല്‍ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല. കര്‍ണാടകത്തില്‍ പക്ഷേ സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. രജനിയുടെ കാവേരി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയ്ക്ക് എതിരേ വ്യാപക പ്രതിഷേധം നടക്കുന്നതിനാല്‍ കന്നഡത്തിലെ പ്രവര്‍ത്തകരും സിനിമാ സംഘടനകളും ചിത്രം റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ വിതരണത്തിന് എടുത്തയാള്‍ 150 തീയറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലൂം സിനിമ ഒരിടത്തും റിലീസ് ദിവസം പ്രദര്‍ശിപ്പിച്ചിട്ടില്ല.
സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കാമെന്ന് മുഖ്യമന്ത്രി ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പല തീയറ്ററുകളും സിനിമ റിലീസ് ചെയ്യാന്‍ ധൈര്യം കാണിച്ചില്ല. പ്രതിഷേധം വലിയ രീതിയില്‍ നില നില്ക്കുന്ന സാഹചര്യത്തില്‍ സിനിമ റിലീസ് ചെയ്യാതിരിക്കുന്നതാണ് ഉത്തമമെന്ന് കുമാരസ്വാമി പറയുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി തന്നെ എതിര്‍ക്കുമ്പോള്‍ വിതരണക്കാര്‍ക്ക് ആശങ്ക. തീയറ്ററുകള്‍ക്ക് സുരക്ഷ നല്കാന് ഒരുക്കമാണെന്ന് പറഞ്ഞിരുന്നെങ്കിലൂം സിനിമ എടുക്കാന്‍ ആരും തയ്യാറായിട്ടില്ല.
കന്നഡ സംഘടനകളും കര്‍ണാടകത്തിലെ സിനിമാ സംഘടനകളും റിലീസിംഗിനെ എതിര്‍ക്കുകയാണ്. സിനിമ റിലീസ് ചെയ്താല്‍ കടുത്ത കടുത്ത പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമോ എന്നാണ് ആശങ്ക. സിനിമയ്ക്കെതിരേ ഇന്ന് ടൗണ്‍ഹാളിന് മുന്നില്‍ പ്രതിഷേധം നടക്കുന്നുണ്ട്. അതേസമയം ബംഗലുരുവിലെ ചില മള്‍ട്ടിപ്ളക്സുകളില്‍ സിനിമ ഉച്ചയോടെ പ്രദര്‍ശിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






