
ബംഗലൂരു: ബാങ്ക് ഡെബിറ്റ് കാര്‍ഡ് അക്കൗണ്ട് ഉടമ അല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ലെന്ന വാദം അംഗീകരിച്ച് കോടതി. ഭാര്യയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഭര്‍ത്താവിന് പോലും പണം പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. ബംഗലൂരു സ്വദേശിനിയായ വന്ദന നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ബംഗലൂരു അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധി.
അക്കൗണ്ട് ഉടമ പിന്‍നമ്പര്‍ നല്‍കുന്നതിന് പകരം ബാങ്കില്‍ നിന്നും പണമെടുക്കാന്‍ ഒന്നുങ്കില്‍ ചെക്ക് നല്‍കുകയോ അല്ലെങ്കില്‍ പണം പിന്‍വലിക്കാന്‍ ഭര്‍ത്താവിനെ ചുമതലപ്പെടുത്തുന്ന അനുമതി കത്ത് നല്‍കുകയോ ആയിരുന്നു വേണ്ടതെന്നും ഉപഭോക്തൃ കോടതി വിധിച്ചു.
2013 നവംബര്‍ 14നാണ് സംഭവം. വന്ദന തന്റെ എടിഎം കാര്‍ഡും പിന്‍നമ്പറും ഭര്‍ത്താവ് രാജേഷ് കുമാറിന് നല്‍കിയിരുന്നു. പ്രസവത്തിനു ശേഷം വിശ്രമത്തിലായിരുന്ന വന്ദന പുറത്തുപോകാന്‍ കഴിയാത്തതിനാലാണ് പണം പിന്‍വലിക്കാന്‍ ഭര്‍ത്താവിനെ ചുമതലപ്പെടുത്തിയത്. ഇതുപ്രകാരം രാജേഷ് കുമാര്‍ 25,000 രൂപ എടിഎമ്മില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ പണം പിന്‍വലിച്ചതായി സ്ലിപ് വന്നതല്ലാതെ പണം ലഭിച്ചില്ല. ഇക്കാര്യം രാജേഷ് ഉടന്‍തന്നെ എസ്ബിഐ കോള്‍ സെന്ററില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. എടിഎമ്മിന്റെ കുഴപ്പമാണെന്നും 24 മണിക്കുറിനുള്ളില്‍ പണം അക്കൗണ്ടില്‍ എത്തുമെന്നും മറുപടി ലഭിച്ചു. എന്നാല്‍ ഒരു ദിവസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ഇതോടെ രാജേഷ് ബാങ്കിന്റെ ഹെലികോപ്ടര്‍ ഡിവിഷന് ബ്രാഞ്ചില്‍ എത്തി ഔദ്യോഗികമായി പരാതിപ്പെട്ടു. എന്നാല്‍ ഇടപാട് വ്യക്തമാണെന്നും ഉപഭോക്താവിന് പണം ലഭിച്ചുവെന്നുമാണ് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയത്.
എന്നാല്‍, സിസിടിവി ദൃശ്യത്തില്‍ രാജേഷ് എടിഎം ഉപയോഗിക്കുന്നതും പണം ലഭിക്കാതിരിക്കുന്നതും വ്യക്തമായിരുന്നു. ഇത് സംഘടിപ്പിച്ച ദമ്പതികള്‍ ബാങ്കിനെതിരെ കേസ് കൊടുത്തു. എന്നാല്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ വന്ദന എടിഎമ്മില്‍ ഇല്ലായിരുന്നു എന്നാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ വിവരാവകാശ രേധപ്രകാരം എടിഎമ്മിലെ ക്യാഷ് വേരിഫിക്കേഷന് റിപ്പോര്‍ട്ട് തേടിയ ദമ്പതികള്‍ക്ക് 25,000 രൂപ അധികമായി എടിഎമ്മില്‍ ഉണ്ടായിരുന്നു എന്ന് മറുപടി ലഭിച്ചു. ഇത് ചൂണ്ടിക്കാട്ടി ദമ്പതികള്‍ കോടതിയെ സമീപിച്ചപ്പോള്‍ എടിഎമ്മില്‍ അധിക പണം ഇല്ലാ എന്നായിരുന്നു എസ്ബിഐയുടെ അഭിഭാഷകന് മറുപടി നല്‍കിയത്.
ഉപഭോക്തൃ കോടതിയെ സമീപിക്കും മൂന്‍പ് ദമ്പതികള്‍ ബാങ്ക് ഓംബുഡ്സ്മാനെ സമീപിച്ചുവെങ്കിലും പിന്‍നമ്പര്‍ കൈമാറി എന്ന് കണ്ടെത്തി കേസ് തള്ളുകയായിരുന്നു. ഇതോടെ 2014 ഒക്ടോബര്‍ 21ന് വന്ദന ഉപഭോക്തൃ കോടതിയെ സമീപിച്ചു. തന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട പണം തിരികെ നല്‍കണമെന്ന നിലപാടില്‍ വന്ദനയും തങ്ങളുടെ നിലപാടില്‍ എസ്.ബി.ഐയും ഉറച്ചുനിന്നു. എടിഎമ്മിന് യാതൊരു സാങ്കേതിക തകരാറും ഉണ്ടായിരുന്നില്ലെന്ന് സമര്‍ത്ഥിക്കുന്ന റിപ്പോര്‍ട്ടും എസ്.ബി.ഐ സമര്‍പ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ഫോറം വന്ദനയുടെ ഹര്‍ജി തള്ളിയത്.
ബാങ്ക് ചട്ടം അനുസരിച്ച് എടിഎം കാര്‍ഡും രഹസ്യപിന്‍ നമ്പറും അക്കൗണ്ട് ഉടമയല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. കാര്‍ഡോ രഹസ്യ പിന്‍കോഡോ മറ്റാര്‍ക്കും കൈമാറരുതെന്നാണ് ചട്ടം. ഇത് ലംഘിച്ച് നടത്തിയ സാമ്പത്തിക ഇടപാടില്‍ പണം നഷ്ടപ്പെട്ടാല്‍ ബാങ്കിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തമാക്കുന്നു.






