
കോഴിക്കോട്: നിപ്പാ വൈറസ് ഭീതി വിട്ടൊഴിയും മുന്‍പേ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി നഴ്സുമാര്‍ സമരത്തിന്. 7,500 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് ജൂനിയര്‍ നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം.
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നഴ്സുമാരെ ആശുപത്രിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നുവെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ഇവരില്‍ അഞ്ചുപേരെ തിരിച്ചെടുത്തിരുന്നു. മിച്ചമുള്ള രണ്ടു പേരെ തിരിച്ചെടുക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇ്തരത്തില്‍ തിരിച്ചെടുത്തവരെ മുന്നറിയിപ്പ് ഒന്നുമില്ലാതെ വീണ്ടും പിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരിക്കുന്നത്.
പിരിച്ചുവിട്ട് മണിക്കൂറുകള്‍ക്കകം തന്നെ സമരം ആരംഭിച്ചിരുന്നു. നഴ്സുമാര്‍ ആശുപത്രിയുടെ മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകായാണ്.
ആശുപത്രിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും ബാധിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി സമരം ചെയ്തതിന് 40 നേഴ്സുമാര്‍ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതോടെ സമരം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്.






