
ബംഗളൂരു: ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ബി.സി.സി.ഐ സെലക്ഷന് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ടെസ്റ്റ് നടന്നത്. പകരം നവദീപ് സെയ്നിയെ ടീമിലുള്‍പ്പെടുത്തി. പേസ്ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലനത്തില്‍ പങ്ക്ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി. സാംസണ് പുറത്തായിരുന്നു. കായികക്ഷമത തെളിയിക്കുന്നതിനായുള്ള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് സഞ്ജുവിന് ഇംണ്ട് പര്യടനത്തിനു മുന്നേ തിരിച്ചടിയായതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ഞായറാഴ്ച ലണ്ടനിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ യോയോ ടെസ്റ്റ് കടക്കാനാവശ്യമായ 16.1 മാര്‍ക്കിനേക്കാള്‍ കുറവായതാണ് സഞ്ജുവിനു തിരിച്ചടിയായത്.
സഞ്ജുവിന് ചില ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അതിനാല്‍ ഫിറ്റ്നസ് ടെസ്റ്റിനായി പരിശീലിക്കാന്‍ സാധിച്ചിരുന്നുമില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. സഞ്ജുവിന്റെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും എ ടീമന്റെ വിക്കറ്റ് കീപ്പര്‍.






