
കൊല്ലം: യുവാവിനെ മര്‍ദ്ദിച്ചതില്‍ പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിനെതിരെ കേസ്. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ഗണേഷ് കുമാറിനെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മരണവീട്ടിലേക്ക് എത്തിയ എംഎല്‍എ യുടെ വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തി എംഎല്‍എ മര്‍ദ്ദിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. കാറിനു സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചതായാണ് പരാതി. കൊല്ലം സ്വദേശി അനന്തകൃഷ്ണനാണ് പത്തനാപുരം എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.
അഞ്ചലില്‍ അഗസ്ത്യകോട് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തുവെന്നും അനന്തകൃഷ്ണന് പറഞ്ഞു. ഒരു വാഹനത്തിനു മാത്രം കടന്നുപോകാവുന്ന റോഡില്‍വെച്ച് എംഎല്‍എയ്ക്ക് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. മരണവീട്ടിലേക്ക് വന്നതായിരുന്നു ഇരുകൂട്ടരും. അനന്തകൃഷ്ണനെ അഞ്ചല്‍ ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, വിശദീകരണവുമായി ഗണേഷ് കുമാറിന്റെ ഡ്രൈവര്‍ രംഗത്തെത്തി. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ ആരോപിച്ചു. സംഭത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി.






