
കാരാകസ്: വെനസ്വലയില്‍ നിശാക്ലബ്ബില്‍ തിക്കിലും തിരക്കും പെട്ട് 17 പേര് മരിച്ചു. ഒരാള്‍ ക്ലബ്ബിനുള്ളില്‍ കണ്ണീര്‍വാതക ഷെല്‍ പൊട്ടിച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് ഓടുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായതെന്ന് ആഭ്യന്തരമന്ത്രി നെസ്റ്റോര്‍ റിവെറോള്‍ പറഞ്ഞു.
വെനസ്വലെ തലസ്ഥാനമായ കാരാകസിലെ മധ്യവര്‍ഗ്ഗങ്ങളുടെ ക്ലബ്ബായ ലോസ് കോര്‍ട്ടോസ് ക്ലബ്ബിലാണ് അപകടമുണ്ടായത്. രാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ അഞ്ഞൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. ക്ലബ്ബിലുണ്ടായ വാക്കുതര്‍ക്കത്തെതുടര്‍ന്നാണ് ആരോ ഒരാള്‍ കണ്ണീര് വാതകഷെല്‍ പൊട്ടിച്ചത്.
ക്ലബ്ബില്‍ കണ്ണീര് വാതക ഗ്യാസ് നിറഞ്ഞതിനെത്തുടര്ന്ന 11 പേര് ശ്വാസം മുട്ടിയാണ് മരിച്ചത്. എന്നാല്‍ മറ്റുള്ള ആറു പേര് എങ്ങിനെയാണ് മരിച്ചതെന്ന് അറിയില്ലെന്നും പോോസ്റ്റുമോര്ട്ടം നടന്ന ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചു.
അവധിക്കാലം ആഘോഷിക്കുന്നതിന്റെ ഭാഗമായെത്തിയ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. പ്രായപൂര്‍ത്തിയാകാത്തവരാണ് മരിച്ചവരില്‍ അധികവും. സംഭവവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തരമന്ത്രി അറിയിച്ചു.






