
ശ്രീലങ്കയിൽ ഹണിമൂണിനെത്തിയ മലയാളി യുവാവ് സ്കൂബ ഡൈവിംഗിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ.കെ. മുഹമ്മദ് ഇർഫാനാണ് മരിച്ചത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹം നടന്നത്.
സ്കൂബ ഡൈവിംഗിനിടെ കടലിനടിയിൽ വച്ച് ഇർഫാന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം അബോധാവസ്ഥയിലായെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ ട്രെയിനർമാരും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കരയ്‌ക്കെത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയത്ത് ഭാര്യയും ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്നാണ് നവദമ്പതികൾ ശ്രീലങ്കയിലെത്തിയത്. കൊളംബോയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയാണ് സ്കൂബ ഡൈവിംഗ് നടന്നത്.
പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയുടെയും ബന്ധപ്പെട്ട അധികാരികളുടെയും സഹായത്തോടെ നടപടികൾ ഏകോപിപ്പിച്ചുവരികയാണ്.






