
ബംഗളൂരു: ബംഗളൂരിവിലെ ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാക്കളുടെ അഴിഞ്ഞാട്ടം. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ ഒരു നാട്ടുകാരനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഒരു ബേക്കറിയിൽ കയറി വാക്കുതർക്കം ഉണ്ടാക്കുകയും സോഡ കുപ്പി ഉപയോഗിച്ച് കടയുടമയെ ആക്രമിക്കുവാനും ശ്രമിച്ച സംഘത്തെ പിന്നീട് നാട്ടുകാർ നേരിടുകയായിരുന്നു.
ഇവർ വന്ന കാർ റോഡിൽ ഗതാഗത തടസ്സമുണ്ടാക്കി പാർക്കു ചെയ്തതാണ് സംഭവത്തിനു തുടക്കമായത്. ഇവരുടെ അക്രമവും ഭീഷണിപ്പെടുത്തലും പരിധിവിട്ടപ്പോൾ നാട്ടുകാർ ഇടപെട്ടു. അവരെയും ആക്രമിക്കാൻ തുനിഞ്ഞതോടെ സംഭവം രൂക്ഷമായി. പ്രശ്നം ഗുരുതരമായി എന്ന് മനസ്സിലാക്കിയ സംഘം ഓടിക്കളയാൻ ശ്രമിച്ചു. എന്നാൽ ഇവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പരപ്പന അഗ്രഹാര പൊലീസ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.
ഇവരെ ചോദ്യം ചെയ്ത റിട്ടയേർഡ് ബസ് കണ്ടക്ടർക്കാണ് കുത്തേറ്റത്. രക്തം വാർന്നു വീണ ഇയാളെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ യുവാക്കൾ ലഹരി മരുന്നിന് അടിമകളാണെന്നാണ് പ്രാഥമിക സംശയം. ഇവരുടെ ബാഗ് പരിശോധിച്ച പോലീസ് നിരോധിത ലഹരിമരുന്നെന്ന് സംശയിക്കുന്ന വെളുത്ത പൊടി അടങ്ങിയ പാക്കറ്റ് കണ്ടെടുത്തു. ഇത് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
.






