
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോഡി അവിവാഹിതനാണെന്ന മദ്ധ്യപ്രദേശ് ഗവര്‍ണറുടെ പ്രസ്താവനയെ വെല്ലുവിളിച്ച് നരേന്ദ്രമോഡിയുടെ ഭാര്യ യശോദബെന്‍. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായിരുന്ന ആനന്ദി ബെന്നിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം ഗുജറാത്തിലെ പ്രമുഖ പത്രത്തില്‍ വന്നിതിന് പിന്നാലെയാണ് മോഡിയുടെ ഭാര്യ യശോദാബെന്‍ രംഗത്ത് വന്നിരിക്കുന്നത്.
സഹോദരന് അശോക് മോഡി ചിത്രീകരിച്ച മൊബൈല്‍ വീഡിയോയിലാണ് യശോദാബെന്‍ ആനന്ദിബെന്നിനെതിരേ രംഗത്ത് വന്നത്. '' നരേന്ദ്രമോഡി വിവാഹം കഴിച്ചിട്ടില്ലെന്ന് ആനന്ദിബെന്‍ പത്രത്തോട് പറഞ്ഞത് തന്നെ അത്ഭുതപ്പെടുത്തി. 2004 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നല്കിയ പേപ്പറുകളില്‍ വിവാഹിതനാണെന്നും തന്റെ പേര് എഴുതിചേര്‍ത്തതും അദ്ദേഹം തന്നെയാണ്'' യശോദാ ബെന്‍ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ നല്ല വിദ്യാഭ്യാസം സിദ്ധിച്ച ആനന്ദിബെന്നിനെ പോലെ ഒരു സ്ത്രീ ഒരു അദ്ധ്യാപിക കൂടിയായ തന്നോട് പറയുന്നത് അനുചിതമാണ്. ഇത്തരം പ്രസ്താവനകള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മുഖം മോശമാക്കും. അദ്ദേഹം തനിക്ക് ഏറെ ബഹുമാനിതനായ ശ്രീരാമനാണ്'' യശോദബെന്‍ പറയുന്നു.
വടക്കന്‍ ഗുജറാത്തിലെ ഉണ്‍ചയിലായിരുന്നു യശോദാബെന്‍ ഇക്കാര്യം പറഞ്ഞത്. പ്രതികരണം യശോദാബെന്നിന്റേത് തന്നെയാണെന്ന് അശോക് മോഡി ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 19 ന് പ്രമുഖ ഗുജറാത്തി പത്രമായി ദിവ്യാഭാസ്ക്കറിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ആനന്ദിബെന്നിന്റെ പ്രസ്താവന വന്നത്. സോഷ്യല്‍ മീഡിയയില്‍ വന്നതിനാല്‍ ആദ്യം വിശ്വസിച്ചില്ല. എന്നാല്‍ പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അപ്പോള്‍ തന്നെ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അശോക് മോഡി പറയുന്നു.






