
തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ സിഗ്നല്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു. റെയില്‍വേയുടെ ലോക്കോ ഷെഡില്‍ നിന്നുള്ള എന്ജിന് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഒരു പാളത്തില്‍ തകരാറ് വന്നതോടെ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം പൂര്‍ണ്ണമായും തകരാറിലാവുകയായിരുന്നു.
ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. ഇതോടെ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിടുകയായിരുന്നു. ഒന്നരയോടെ തകരാര്‍ പരിഹരിക്കുമെന്നും ഗതാഗതം വൈകാതെ പൂര്‍വ്വസ്ഥിതിയിലാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
മാനുവല്‍ സിഗ്നല്‍ സംവിധാനം സ്ഥാപിച്ച് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനും ശ്രമം നടന്നിരുന്നു. ഇന്റര്‍സിറ്റി എക്സ്പ്രസ്, കന്യാകുമാരി എക്സ്പ്രസ്, മലബാര്‍ എക്സ്പ്രസ്, ബോംബെ എക്സ്പ്രസ്, ജയന്തി ജനത, വഞ്ചിനാട് എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്.






