
മക്ക: തന്റെ പുത്തന്‍ കാര്‍ കത്തിച്ചാമ്പലാകുന്നതു കണ്ട് പൊട്ടിക്കരയുന്ന സൗദി വനിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മക്ക സ്വദേശിനിയായ സല്‍മ അല്‍ ഷെരീഫ് (31) എന്ന സ്ത്രീയാണ് വീഡിയോയിലുള്ളത്.
സ്ത്രീകള്‍ കാറോടിക്കുന്നതില്‍ പരിഹസിച്ചുകൊണ്ടാണ് ഇവരുടെ വീട്ടുമുറ്റത്തു കിടന്ന പുത്തന്‍ കാര്‍ കത്തിച്ചു ചാമ്പലാക്കിയത്. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെ പിന്നീട് അറസ്റ്റു ചെയ്തു.
പ്രതികളില്‍ ഒരാള്‍ പെട്രോളുമായി വരികയും കാറിനു മേല്‍ ഒഴിക്കുകയും രണ്ടാമന് ഇതിനായി ഇയാളെ സഹായിക്കുകയുമായിരുന്നു. അതിനിടെ, വാഹനം നഷ്ടമായ സല്‍മ അല്‍ ഷരീഫിന് ഏറ്റവും പുതിയ മോഡല്‍ കാര്‍ വാങ്ങി നല്‍കുമെന്ന് മക്ക മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഫഹദ് അല്‍ റൂഖി അറിയിച്ചു.
താന്‍ വാഹനമോടിക്കുന്നതിന് അയല്‍വാസി മുന്‍പും മോശമായി പെരുമാറിയിട്ടുണ്ടെന്ന് സല്‍മ പറയുന്നു. വാഹനമോടിക്കാന്‍ തുടങ്ങിയതോടെ തന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസം കുറഞ്ഞുവെന്നും മുന്‍പ് വരുമാനത്തിന്റെ പകുതിയും ചെലവഴിച്ചിരുന്നത് ഡ്രൈവര്‍ക്ക് ശമ്പളം കൊടുക്കാനായിരുന്നുവെന്നും അവര്‍ പറയുന്നു. ശൂറ കൗണ്‍സില്‍ വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സല്മയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ വാഹനമോടിച്ചു തുടങ്ങിയത്. 120,000 വനിതകള്‍ ഇതിനോടകം ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
താന്‍ വാഹനമോടിച്ച് തുടങ്ങിയതു മുതല്‍ ഇത് ഇഷ്ടപ്പെടാത്ത അയല്‍വാസികളായ യുവാക്കള്‍ മന:പൂര്‍വം തീ വയ്ക്കുകയായിരുന്നുവെന്ന് സല്‍മ പോലീസില്‍ പരാതിപ്പെട്ടു. കാറോടിക്കാന്‍ തുടങ്ങിയ ആദ്യ ദിവസം മുതല്‍ പുരുഷന്മാരില് നിന്നും പരിഹാസം നേരിടുകയാണെന്നും സല്‍മ പറയുന്നു.






