
കൊച്ചി : ബിനാലെ ഫൗണ്ടേഷന് നടത്തുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ച 20.5 കോടിരൂപ എങ്ങനെ വിനിയോഗിച്ചുവെന്നു തിട്ടമില്ലാതെ സര്‍ക്കാര്‍.
ബിനാലെ നാലാം എഡിഷനിലേക്കു കടക്കുമ്പോള്‍ കഴിഞ്ഞ മൂന്ന് എഡിഷനുകളിലെയും പണമിടപാടുകള്‍ സംബന്ധിച്ച് കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നതു ഗുരുതര വീഴ്ചയായി. 2012 മുതല്‍ 2016 വരെ നടന്ന മൂന്ന് എഡിഷനുകളിലെ ഓഡിറ്റ്, വരവ് ചെലവ് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും സര്‍ക്കാരിലില്ല.
2012 ലെ ആദ്യ എഡിഷന് ബിനാലെയ്ക്ക് ടൂറിസംവകുപ്പ് 9 കോടി അനുവദിച്ചിരുന്നു. രണ്ടാം എഡിഷന് നാലുകോടി രൂപയും മൂന്നാം എഡിഷന് 7.5 കോടി രൂപയുമാണ് വകുപ്പ് അനുവദിച്ചത്. എല്ലാം ചേര്‍ത്ത് 20.5 കോടിവരും. ഇതിനു പുറമേ ടിക്കറ്റ്, പരസ്യം, സ്പോണ്‍സര്‍ഷിപ്പ്, വിദേശസഹായം എന്നിവയില്‍ നിന്നു കിട്ടിയ പണത്തിന്റെ കണക്കും സര്‍ക്കാരിനു ലഭ്യമല്ല. അക്കൗണ്ടന്റ് ജനറലിനോട് കണക്കുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. ധനകാര്യം, ടൂറിസം വകുപ്പുകളാണ് ബിനാലെ ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഇതില്‍ ടൂറിസംവകുപ്പില്നിന്നാണ് 20.5 കോടിരൂപ നല്‍കിയിരിക്കുന്നത്. വിനിയോഗിച്ച പണം സംബന്ധിച്ച് ഒരു മാസത്തിനകം കണക്കുകള്‍ ഓഡിറ്റ് ചെയ്തു വിവരം പുറത്തു വിടണമെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോട് ഉത്തരവിട്ടു.
വിദേശത്തു നിന്നടക്കമുള്ള കലാകാരന്മാര് ബിനാലെയില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ യാത്ര, താമസച്ചെലവുകള്ക്കായുള്ള പണം, ബിനാലെ നടത്തിപ്പുകൊണ്ട് സര്‍ക്കാരിനോ സംസ്ഥാനത്തിനോ എന്തെങ്കിലും നേട്ടമുണ്ടോ എന്നീ ചോദ്യങ്ങള്‍ക്കു വിവരാവകാശ മറുപടിയില്‍ ഉത്തരമില്ല.
ബിനാലെയുമായുള്ള പണമിടപാടുകള്‍ ഓഡിറ്റ് ചെയ്ാന്‍ സയി.എ.ജി(കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍)യെ ഏല്‍പ്പിച്ചുവെന്നാണ് ടൂറിസംവകുപ്പ് പറയുന്നത്. എന്നാല്‍, കൃത്യമായ വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യവിവരാവകാശ കമ്മിഷണര്‍ വിന്‍സന്‍ എം. പോള്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ചാരിറ്റി സംഘടനയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിനാലെ ഫൗണ്ടേഷന് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. സര്‍ക്കാരിന്റെ പണം വാങ്ങി നടത്തുന്ന കലാ-സാംസ്കാരിക പരിപാടിയെന്ന നിലയ്ക്കാണ് ബിനാലെ ഫൗണ്ടേഷന് ഇതിന്റെ പ്രചാരണം നടത്തുന്നത്.
അതുകൊണ്ടുതന്നെ വലിയ സ്വീകാര്യത പരിപാടിക്കു ലഭിക്കുന്നുണ്ട്. അക്കാരണത്താല്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വരുത്തേണ്ടത് സംഘടനയുടെയും സര്‍ക്കാര്‍ വകുപ്പുകളുടേയും ഉത്തരവാദിത്വമാണെന്ന് വിവരാവകാശ അപേക്ഷ നല്കിയ അഡ്വ.ഡി.ബി. ബിനു വ്യക്തമാക്കി. 2010 ലാണ് ബിനാലെ ഫൗണ്ടേഷന് രൂപമെടുത്തത്. രാജ്യത്തും പുറത്തുമുള്ള കലാകാരന്മാരുടെ സൃഷ്ടികള്‍ അവതരിപ്പിക്കുന്ന ബൃഹത്തായ കലാ- സാംസ്കാരികവേദിയായിട്ടാണ് ബിനാലെ കണക്കാക്കപ്പെടുന്നത്. 2012 ലാണ് ആദ്യ ബിനാലെ നടന്നത്. രണ്ടുവര്‍ഷം കൂടുമ്പോഴാണ് പരിപാടി സംഘടിപ്പിക്കുന്നത്.






