
കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് എന്താണ് ഇത്ര താല്പര്യം എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനു മറുപടിയുമായി കെ.കെ രാഗേഷ് രംഗത്തുവന്നു. സിപിഐഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും വിഴിഞ്ഞത്തിന്റെ കാര്യത്തിൽ താല്പര്യമുണ്ട്. അത് പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണെന്നും രാഗേഷ് ഫേസ്‌ബുക്കിൽ പറയുന്നു.
അതേസമയം വിഴിഞ്ഞത്തെക്കുറിച്ച് ചോദിക്കുമ്പോൾ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിക്ക് അക്കാര്യത്തിൽ എന്താണ് ‘അമിത താല്പര്യം’ എന്ന് രാഗേഷ് ഒരു മറുചോദ്യവും ഉന്നയിക്കുന്നുണ്ട്. മാധ്യമ സമ്മേളനത്തിൽ അപൂർവം ചില മാധ്യമങ്ങളേ ചോദ്യം ചോദിക്കാറുള്ളൂ എന്നും അവരെ വിരട്ടുകയും പരിഹസിക്കുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ശൈലിയായി മാറിയിട്ടുണ്ട് എന്നും വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, മഹാരാജാവല്ല എന്നും രാഗേഷ് തന്റെ പോസ്റ്റിൽ പറയുന്നുണ്ട്.
എന്തിനാണ് ധനം, നിയംമം, തുറമുഖം വകുപ്പുകൾ മുഖ്യമന്ത്രി ബോധപൂർവം ഏറ്റെടുത്തത്?, എന്തിനാണ് വിഴിഞ്ഞം പോർട്ട് മുൻ എംഡിയെ തിടുക്കപ്പെട്ട് മാറ്റിയത്? എന്തിനാണ് ഭരണത്തിലേറും മുമ്പ് പ്രത്യേക വിമാനത്തിൽ മംഗലാപുരത്ത് അദാനി അധികൃതരെ കണ്ടത്? ആരാണ് ആ പ്രത്യേക വിമാനത്തിന്റെ ചിലവ് വഹിച്ചത്? ഓഹരിക്കൈമാറ്റത്തിൽ കരാർ ലംഘനം നടത്തിക്കൊണ്ട് സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ഓഹരി വില്പനയുമായി മുന്നോട്ട് പോകാൻ എവിടെനിന്നാണ് അദാനിക്ക് ധൈര്യം കിട്ടിയത്? അദാനിയുടെ പ്രസ്സ് റിലീസ് കണ്ടാണ് കച്ചവടത്തിന്റെ കാര്യം അറിയുന്നത് എന്നു പറയുവാൻ മുഖ്യമന്ത്രി എന്ന നിലയിൽ താങ്കൾക്ക് ലജ്ജയില്ലേ? തുടങ്ങിയ ചോദ്യങ്ങളുടെ പെരുമഴയും രാഗേഷ് തന്റെ പോസ്റ്റിൽ സൃഷ്ടിക്കുന്നു.
ഭാവികേരളത്തിന്റെ പ്രതീക്ഷയെ, കേരളത്തിന്റെ സ്വപ്നപദ്ധതിയെ കോർപ്പറേറ്റുകൾക്ക് അടിയറവെക്കുന്നതിനെതിരെ ഇനിയും ചോദ്യങ്ങൾ ഉയരുക തന്നെ ചെയ്യും എന്നു പറഞ്ഞാണ് രാഗേഷ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇന്ന് വാർത്താസമ്മേളനത്തിൽ കെ.കെ രാഗേഷിന് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ എന്താണ് ഇത്ര താൽപര്യം എന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. ദിവ്യ എസ് അയ്യരെ വിഴിഞ്ഞത്തു നിന്ന് മാറ്റിയ നടപടിയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.






