
ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുകയാണ്. ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം മുന്‍ ലോവര്‍ കണ്ട്രോള് ആമില്‍ നിര്‍മ്മാണപ്പിഴവ് കാരണം ഇക്കോസ്പോര്‍ട് എസ്യുവികളെ ഫോർഡ് തിരിച്ചുവിളിച്ചിരുന്നു.
വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നു കമ്പനി വ്യക്തമാക്കി. 2016 ജൂലായ് 16 -നും 2018 മാര്‍ച്ച് 22 -നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22 -നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് പ്രശ്നസാധ്യത കണ്ടെത്തിയത്. പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ നേരിട്ടു വിവരമറിയിക്കും. ഫ്യൂവല്‍ ഹോസ് തകരാറുള്ളത് ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണെന്ന് ടൊയോട്ട സ്ഥിരീകരിച്ചു.
ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുകയാണ് മോഡലുകളില്‍. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണമെന്നാണ് സൂചന. നിര്‍മ്മാപ്പിഴവുകള്‍ കണ്ടെത്തിയാല്‍ കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കും. 14.34 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് ഡൽഹി എക്സ്ഷോറൂം വില. ഫോര്‍ച്യൂണറിന് 26.69 ലക്ഷം രൂപ മുതലും.






