
തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി നന്ദുവിനെ അറിയാത്തവര്‍ ആരുമില്ലെന്ന് തന്നെ പറയാം, അത്രമാത്രം പ്രചോദനമാണ് ഈ ചെറുപ്പക്കാരന്. നന്ദു കാന്‍സറിന്റെ പിടിയില്‍ പെട്ടിട്ട് കുറച്ച് നാളുകളായി. ഇടത് കാല് മുറിച്ചുമാറ്റി. എങ്കിലും നാല് ചുവരുകള്‍ക്കുള്ളില്‍ തളര്‍ന്ന് പോവാന്‍ തയ്യറല്ലെന്ന് പറഞ്ഞ് പാട്ടുകളും വായനയുമൊക്കെയായി സ്വന്തം ജീവിതം കൊണ്ട് മുന്നേറുകയാണ് ഇന്ന് ഈ ചെറുപ്പക്കാരന്. അവന് വേണ്ടി മുടിമുറിച്ചും, പ്രാര്‍ഥന നടത്തിയും, അവന്റെ പാട്ടുകളെ പാട്ടുകള്‍ക്ക് പിന്തുണ നല്കിക്കൊണ്ടും വലിയൊരു സൗഹൃദ വലയം അവനൊപ്പം ചേരുകയാണ്.
വേദനകള്‍ക്കിടയിലും നന്ദു പാടിയ പാട്ട് ഏവരും നെഞ്ചേറ്റിയിരിക്കുകയാണ്. '' നിങ്ങളുടെയൊക്കെ പ്രാര്‍ഥനയുടെ ഫലമായി കിട്ടിയ ഭിക്ഷയാണ് എന്റെ ജീവന്. ഇനിയുള്ള എന്റെ ജീവിതവും ഈ സമൂഹത്തിന് ഞാന്‍ സമര്‍പ്പിക്കുന്നു. എനിക്ക് വേണ്ടി മുടി മുറിച്ച് നേര്‍ച്ചകള്‍ നേര്‍ന്നവര്‍ ഇന്നും മുടങ്ങാതെ നാരങ്ങാ വിളക്ക് കത്തിക്കുന്നവര്‍ അമ്പലങ്ങളില്‍ മുടങ്ങാതെ അര്‍ച്ചനകള്‍ നടത്തുന്നവര്‍ സ്ഥിര നാമജപത്തില്‍ എന്നെയും ഉള്‍പ്പെടുത്തിയവര്‍. ആരെയും മറന്നിട്ടില്ല ഞാന്‍. കീമോ വാര്‍ഡില്‍ നിന്ന് നേരെ പോയി പാടിയ പാട്ടാണ്. ഒത്തിരി വേദനയും ശ്വാസം മുട്ടും സഹിച്ച പാട്ട്. ഒരിക്കലെങ്കിലും കീമോയുടെ രുചി അറിഞ്ഞവര്‍ക്ക് ഞാന്‍ പറഞ്ഞത് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ പറ്റും, കൂടെ നില്‍ക്കണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ഈ ഗാനം സമര്‍പ്പിക്കുന്നു.'' രണ്ട് ദിവസം മുമ്പ് നന്ദു തന്റെ ഫെയ്സ്ബുക്കില്‍ താന്‍ പാടിയ ഒരു പാട്ടിന്റെ വീഡിയോ അപ്ലോഡ് ചെയ്ത് സ്റ്റാറ്റസില്‍ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ച വാക്കുകളാണിത്. ഒരു മില്ല്യണിലേറെ കാഴ്ചക്കാരാണ് നന്ദുവിന്റെ പാട്ടിനുണ്ടായത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ ചാത്തന്‍പാറ സ്വദേശിയാണ് നന്ദു മാഹാദേവയെന്ന 24 കാരന് കഴിഞ്ഞ വര്‍ഷം ഒരു വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കാല്‍മുട്ടില്‍ വന്ന വേദന പിന്നീട് കാന്‍സറിന്റെ രൂപത്തിലേക്ക് മാറുകയായിരുന്നു. ഇടത് കാല് മുറിച്ച് മാറ്റിയെങ്കിലും തനിക്ക് ലോകം കാണാന്‍ രണ്ടുകാലിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ നന്ദുവിന്റെ വാക്കുകള്‍ ഇന്നും ഡോക്ടര്‍മാര്‍ ഓര്‍ക്കുന്നുണ്ട്. അത്രയ്ക്കും നിശ്ചയദാര്‍ഢ്യമായിരുന്നു നന്ദുവിന്. ക്യാന്‍സര്‍ ബാധിച്ച് നാല് ചുമരുകള്‍ക്കുള്ളില്‍ എന്നന്നേക്കും കിടപ്പിലായി എന്ന് ചിന്തിക്കുന്ന നിരവധി പേര്‍ക്ക് പ്രചോദനമാവുന്ന നന്ദുവിന് ഒന്നുമാത്രമേ അവരോട് പറയാനുള്ളൂ ജീവിതം ഒന്നേയുള്ളൂ മരണം വരെ അത് സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അപ്പോഴാണ് ജീവിതത്തെയോര്‍ത്ത് സംതൃപ്തി തോന്നുക. അതുകൊണ്ടു തന്നെ വേദനിക്കുന്നവര്‍ക്ക് വേണ്ടി ഇനി തന്റെ ജീവിതം സമര്‍പ്പിക്കുകയാണെന്നും നന്ദു പറയുന്നു.






