ന്യുഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ ശചയ്തു. ഇന്ന് ഉച്ചതിരിഞ്ഞ് ചേര്‍ന്ന കൊളീജിയം യോഗമാണ് കെ.എം ജോസഫിന്റെ പേര് പിന്നെയും ശിപാര്‍ശ ചെയ്തത്. ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി എന്നിവരുടെ പേരും കൊളീജിയം ശിപാര്‍ശ ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കെ.എം ജോസഫിന്റെ പേര് കൊളീജിയം ശിപാര്‍ശ ചെയ്തത് കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു. ഇന്ദു മല്‍ഹോത്രയുടേയും കെ.എം ജോസഫിന്റേയും പേരുകളാണ് കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രം കേന്ദ്രം അംഗീകരിച്ചു. ഏറെ വിവാദമായ തീരുമാനമായിരുന്നു കേന്ദ്രസര്‍ക്കാരിന്റേത്. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയിരുന്നു. ഇതിന്റെ രാഷ്ട്രീയ വിരോധം കാരണമാണ് അദ്ദേഹത്തിന്റെ പേര് തള്ളിയതെന്നാണ് അന്ന് ആക്ഷേപമുയര്‍ന്നത്.
എന്നാല്‍ കേരളത്തില്‍ നിന്ന് നിലവില്‍ ഒരാളുണ്ടെന്നും ഇനിയൊരാളെ കൂടി സുപ്രീം കോടതി ജഡ്ജ് നിയമിക്കേണ്ടതില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. ഒരിക്കല്‍ തള്ളിയ പേര് കൊളീജയം വീണ്ടും ശിപാര്‍ശ ചെയ്തതിനാല്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനം അംഗീകരിക്കാതെ മറ്റ് മാര്‍ഗമില്ല.
കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റിസായി സ്ഥിരപ്പെടുത്താനും പറ്റ്ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡല്‍ഹിയില്‍ ചീഫ് ജസ്റ്റിസാക്കാനും കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് അനിരുദ്ധ് ബോസിനെ ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസാക്കാനും കൊളീജിയം ശിപാര്‍ശയുണ്ട്.






