
ആലപ്പുഴ: മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കുട്ടനാട് മേഖലയില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ ഉണ്ടായില്ലെന്ന് വ്യാപക വിമര്‍ശനം. ദുരിത ബാധിത മേഖല സന്ദര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ഫേസ്ബുക്കിലൂടെ വിമര്‍ശനം അഴിച്ചുവിട്ടത്. അതേസമയം, ജനങ്ങള്‍ക്ക് ആവശ്യമുള്ള മരുന്നും ഭക്ഷണവും താമസസൗകര്യവും നല്‍കിയെന്നും അതില്‍ കൂടുതല്‍ സര്‍ക്കാര്‍ എന്തു ചെയ്യാനാണെന്നും മന്ത്രി ജി.സുധാകരന്‍ തിരിച്ചടിച്ചു. വിമര്‍ശനം ഉന്നയിക്കുന്നവര്‍ അവരുടെ ഭരണകാലത്ത് എത്ര ദുരിത മേഖലകള്‍ സന്ദര്‍ശിച്ചുവെന്നും സുധാകരന്‍ ചോദിക്കുന്നു. സ്വന്തം ചെലവില്‍ അരിയും പയറും കൊടുത്തുവെന്നാണ് കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയുടെ പ്രതികരണം. മഴമാറി മാനം തെളിഞ്ഞതോടെയാണ് നേതാക്കള്‍ കൂട്ടത്തോടെ കുട്ടനാട്ടിലേക്ക് എത്തുന്നത്.
ദുരിതകാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പറയുന്നു. എന്നും കൂടെയുണ്ട്, റെയിന്‍ഹിറ്റ് കേരള എന്നീ ഹാഷ്ടാഗിലാണ് ചെന്നിത്തല ദുരിത മേഖലയിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദുരിതകാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് ഏറ്റവും മികച്ച രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പറയുന്നു. എന്നും കൂടെയുണ്ട്, റെയിന്‍ഹിറ്റ് കേരള എന്നീ ഹാഷ്ടാഗിലാണ് ചെന്നിത്തല ദുരിത മേഖലയിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുട്ടനാടും അപ്പര്‍കുട്ടനാടും ജലംകൊണ്ട് മുറിവേറ്റവരാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കാരുണ്യം നിറഞ്ഞ മനോഭാവത്തോടെ ഇടപെട്ടു ഈ ജനതയെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവരണം- ചെന്നിത്തല ആവശ്യപ്പെടുന്നു.
കാലവര്‍ഷക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് സന്ദര്‍ശനത്തിനിടെ ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്രയും ദിവസമായിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശുഷ്‌കാന്തി കാട്ടിയില്ല. സ്വന്തം വീട് ഉള്‍പ്പെടുന്ന പ്രദേശമായിട്ടും കുട്ടനാട് എം.എല്‍.എ തോമസ് ചാണ്ടിയും തിരിഞ്ഞുനോക്കിയില്ല. ജില്ലാ ഭരണകൂടങ്ങള്‍ക്ക് ആവശ്യത്തിന് ദുരിതാശ്വാസ ഫണ്ട് നല്‍കിയില്ല. ജനപ്രതിനിധികള്‍ സന്ദര്‍ശിക്കാത്തത് അങ്ങേയറ്റം നിരാശജനകം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭാ യോഗം പോലും വിളിച്ചില്ല-ചെന്നിത്തല കുറ്റപ്പെടുത്തി.
എന്നാല്‍ ഒരു സര്‍ക്കാരും ചെയ്യാത്ത പ്രവര്‍ത്തനമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ഇനി മന്ത്രിമാര്‍ എന്ത് ആശ്വസിപ്പിക്കാനാണ്. ഭക്ഷണവും മരുന്നുമെത്തിച്ചു, താമസസൗകര്യമൊരുക്കി. അതില്‍ കൂടുതല്‍ എന്തു ചെയ്യാനാണ്. മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന വിമര്‍ശനത്തില്‍ കഴമ്പില്ല. സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപ്പിക്കുന്നുണ്ട് വിമര്‍ശനം ഉന്നയിക്കുന്നവരുടെ ഭരണകാലത്ത് എത്ര ദുരിത മേഖലകളില്‍ പോയിട്ടുണ്ട്- സുധാകരന്‍ തിരിച്ചടിച്ചു.
സ്വന്തം ചെലവില്‍ സ്വന്തം ബോട്ടില്‍ അരിയും പയറുമെത്തിച്ചുവെന്ന് തോമസ് ചാണ്ടി എം.എല്‍.എ പ്രതികരിച്ചു. എം.എല്‍.എ എത്തിയതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേകിച്ച പ്രയോജനം കിട്ടില്ല. പ്രളയ സമയത്ത് താന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരിക്കലും വെള്ളം കയറാത്ത തന്റെ വീട്ടിലും വെള്ളം കയറി. ഈ പ്രദേശത്തുള്ളവര്‍ എല്ലാം മലയോര മേഖലകളിലെ ബന്ധുവീടുകളിലേക്ക് പോയി. തന്റെ ഭാര്യയേയും മക്കളേയും എറണാകുളത്തേ വീട്ടിലേക്ക് മാറ്റിയെന്നും തോമസ് ചാണ്ടി പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും കേന്ദ്രസംഘത്തിനൊപ്പമാണ് തോമസ് ചാണ്ടി കുട്ടനാട്ടില്‍ എത്തിയത്. താന്‍ ഡല്‍ഹിയില്‍ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറയുന്നു.
ജനപ്രതിനിധികള്‍ ദുരിത മേഖലയില്‍ എത്താത്തതില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്. ആലപ്പുഴയിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ കുമരകം, തിരുവാര്‍പ്പ് പ്രദേശങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. മന്ത്രിമാര്‍ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല. ആലപ്പുഴയ്ക്ക് ഡോ. ടി.എം തോമസ് ഐസക്, പി.തിലോത്തമന്‍, ജി.സുധാകരന്‍ എന്നീ മന്ത്രിമാരുണ്ടായിട്ടും ആരും തന്നെ കുട്ടനാട്ടില്‍ എത്തിയില്ല. ജനപ്രതിനിധികളും വന്നില്ല. കേന്ദ്രസംഘത്തിനൊപ്പമാണ് ജി.സുധാകരന്‍ കുട്ടനാട്ടില്‍ എത്തിയത്.
വെള്ളപ്പൊക്കത്തിന്റെ മൂന്നാം ദിവസം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മാത്രമാണ് കുട്ടനാട്ടില്‍ എത്തിയത്.







Comments