ആലപ്പുഴ: അമ്പലപ്പുഴയില്‍ വാഹനാപകടത്തില്‍ മൂന്നു മരണം. പോലീസ് വാഹനമാണ് അപകടത്തില്‍പെട്ടത്. വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥയടക്കം മൂന്നു പേരാണ് മരിച്ചത്. ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിന് സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്നും മത്സ്യം കയറ്റിവന്ന കണ്ടെയിനര്‍ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായത്.
സിപിഒ ശ്രീകല(30), കാര്‍ ഡ്രൈവര്‍ നൗഫല്‍, ഹസീന(30) എന്നിവരാണ് മരിച്ചത്. കാണാതായ കൊട്ടിയം സ്വദേശിനി ഹസീനയെ തിരികെ കൊണ്ടുവരുമ്പോഴാണ് അപകടമുണ്ടായത്. കൊട്ടിയം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥയാണ് ശ്രീകല. ഇതേസ്റ്റേഷനിലെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ നിസാറിനെ ഗുരുതര പരിക്കുകളോടെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തിറക്കിയത്.
ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അപകടം. അങ്കമാലിയില്‍ നിന്നും കൊട്ടിയത്തേക്ക് പോകുകയായിരുന്നു. സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണിതെന്നും 2 വര്‍ഷത്തിനിടെ 15ലധികം അപകടമുണ്ടായിട്ടുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.






