
ലോക ബാഡ്മിന്റണ്‍ ചാമ്പ്യര്ഷിപ്പില് ഇന്ത്യയ്ക്ക് വിജയത്തുടക്കം. പുരുഷ സിംഗിള്‍സില്‍ മലയാളി താരമായ എച്ച്.എസ് പ്രണോയി ന്യൂസിലാന്‍ഡിന്റെ അഭിനവ് മനോട്ടയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. 11-ാം സീഡായ പ്രണോയ് ന്യൂസിലാന്‍ഡ് താരത്തെ 28 മിനിറ്റുകൊണ്ട് തറപറ്റിച്ച് ചാമ്പ്യന്‍ഷിപ്പ് കുതിപ്പ് സുഗമമാക്കി. സ്കോര്‍: 21-12, 21-11.
എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ ബ്രസീലിയന്‍ താരമായ യോഗോര് കൊയ്ല്ഹോയെ നേടിടും. പുരുഷ ഡബിള്‍സില്‍ മനു അട്രി, ബി. സുമീത് റെഡ്ഡി സഖ്യവും, മിക്സഡ് ഡബിള്‍സില്‍ പ്രണാബ് ജെറി ചോപ്ര- എന്‍. സികി റെഡ്ഡിയും രണ്ടാം റൗണ്ടില്‍ കടന്നു.
മനു- സുമീത് സഖ്യം ഡാനിയേല്‍ നികോലോവ്- ഇവാന് റൂസേവ് എന്നീ ബള്‍ഗേറിയന്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. 26 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-13, 21-18 എന്ന സ്കോറില്‍ ബള്‍ഗേറിയന്‍ സഖ്യത്തെ തുരുത്തി. മിക്സ്ഡ് ഡബിള്‍സില്‍ പ്രണബ്- സികി സഖ്യം ചെക്ക് റിപ്പബ്ലിക് സഖ്യത്തെ 21-17, 21-15 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
എന്നാല്‍ വനിതാ ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യന്‍ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സന്യോഗിത ഗോര്പാഡേ- പ്രജാക്ത സാവന്ത് സഖ്യമാണ് തുര്‍ക്കിയുടെ ബെന്‍ഗിസു- നസ്ലിക്കന്‍ സഖ്യത്തിനു മുന്നില്‍ ആദ്യ റൗണ്ടില്‍ അടിയറവു വെച്ചത്.






