
തിരുവനന്തപുരം: കൊട്ടിയൂര്‍ കേസില്‍ പെണ്‍കുട്ടിയുടെ പ്രായം വിചാരണ വേളയില്‍ രേഖാമൂലം തെളിയിക്കാനാകുമെന്ന ആത്മവിശ്വസത്തില്‍ പൊലീസും പ്രോസിക്യുഷനും. വൈദികന് റോബിന് വടക്കുംചേരിയുമായി നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്നും, ഈ സമയം തനിക്ക് പ്രായപൂര്‍തത്തിയായിരുന്നു എന്നും പെണ്‍കുട്ടി ഇന്നലെ മൊഴി മാറ്റിയിരുന്നു. കേസില്‍ പെണ്‍കുട്ടിയുടെ വിസ്താരം ഇന്നും തുടരും.
വൈദികനില്‍ നിന്ന് ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ 17 വയസും 5 മാസവുമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. ഗര്‍ഭകാലം കൂടി കണക്കാക്കുമ്പോള്‍ പീഡനം നടന്ന വേളയില്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകള്‍ വഴി ബോധ്യപ്പെടുത്താന്‍ കഴിയും എന്നാണ് പൊലീസിന്റെയും പ്രോസിക്യുഷന്റെയും ആത്മവിശ്വാസം.
ഇതിനായി ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ രേഖകള്‍ എന്നിവ തെളിവായി ഹാജരാക്കും. മാമോദിസ രേഖയും കോടതിക്ക് മുമ്പില്‍ വരും. ഇക്കാര്യങ്ങളില്‍ തര്‍ക്കം വന്നാല്‍ പ്രായം തെളിയിക്കാന്‍ ശാസ്ത്രീയ പരിശോധനക്ക് പെണ്‍കുട്ടി തയ്യാറാകുമോ എന്നത് നിര്‍ണായകമാകും.
പ്രോസിക്യൂഷനു ഇക്കാര്യത്തില്‍ ആത്മാവിശ്വാസമുണ്ട്. ഇതോടൊപ്പം ലൈംഗിക ബന്ധം നടന്നു എന്നു സമ്മതിച്ചതും, കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും ആയതോടെ പ്രായം സംബന്ധിച്ച വ്യക്തത കൂടി ആയാല്‍ കേസ് ബലപ്പെടും എന്നാണ് കണക്കു കൂട്ടല്‍.
പെണ്‍കുട്ടിയുടെ വിസ്താരം കഴിഞ്ഞതിനു ശേഷം അമ്മയെയും അച്ഛനെയും വിസ്തരിക്കും. ഇവര്‍ മൊഴിമാറ്റി കൂറുമാറുമോ എന്നതാണ് നിര്‍ണായകം. തന്റെയും കുഞ്ഞിന്റെയും സംരക്ഷണം വൈദികന് റോബിന് വടക്കുംചേരി ഏറ്റെടുത്തുള്ള ജീവിതമാണ് താത്പര്യമെന്നു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞിരുന്നു.






