
മമ്മൂട്ടിയുടെ മകനായി മോഹന്‍ലാല്‍ അഭിനയിച്ചതിനെ കുറിച്ചുള്ള കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന് സിബി മലയില്‍. പടയോട്ടം എന്ന ചിത്രത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലാണ് മകനായി അഭിനയിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടിത്തരിച്ചെന്നും, അതെങ്ങനെ ശരിയാകുമെന്ന് മമ്മൂട്ടി ചോദിച്ചെന്നുമാണ് സിബി മലയില്‍ പറയുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന പടത്തിലാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. പിന്നീട് പത്ര മാസികകളില്‍ നിന്നും മമ്മൂട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. അയാള്‍ ഒരു അഡ്വക്കേറ്റ് ആണെന്നും മുഹമ്മദ് കുട്ടി എന്നാണ് യധാര്ത്ഥ പേരെന്നും കൊച്ചിയില്‍ എവിടെയോ ആണ് താമസമെന്നും മനസിലാക്കിയത് മാഗസിനിലൂടെയാണെന്ന് സിബി മലയില്‍ പറയുന്നു.
പടയോട്ടത്തില്‍ മമ്മൂട്ടിക്ക് നല്കിയ വേഷത്തിലേക്ക് നിശ്ചയിച്ചിരുന്നത് സോമനെയായിരുന്നു. അദ്ദേഹം ഷൂട്ടിന് തൊട്ടുമുമ്പ് പിന്മാറി. തുടര്‍ന്ന് താനാണ് മമ്മൂട്ടിയുടെ പേര് മുന്നോട്ട് വെച്ചത്. കൊച്ചിയില്‍ പലയിടങ്ങളില്‍ വിളിച്ച് ഒടുവില്‍ മമ്മൂട്ടിയെ കിട്ടി. ഈ സമയം ചിത്രത്തിന്റെ ഷൂട്ട് മലമ്പുഴയില്‍ ആരംഭിച്ചിരുന്നു.
മമ്മൂട്ടിയെ കൂട്ടാനായി താനും യൂണിറ്റിലെ ഡ്രൈവറുടെ കൂടെ ഒലവക്കോട് സ്റ്റേഷനില്‍ എത്തി. വെളുത്ത ജുബ്ബയുമിട്ട് തോളില്‍ സഞ്ചിയും തൂക്കിയാണ് അദ്ദേഹം നിന്നത്. തങ്ങള്‍ ഒടി അടുത്തെത്തി മിസ്റ്റര്‍ മുഹമ്മദ്കുട്ടിയാണോ എന്ന് ചോദിച്ചു, അതെ നിങ്ങള്‍ ആരാ എന്നായിരുന്നു മറു ചോദ്യം. താന്‍ നവോദയയില്‍ നിന്നും വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് ആശ്വാസമായി. ആരും ഇല്ലല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നെന്നും മമ്മൂട്ടി പറഞ്ഞതായി സിബി മലയില്‍ പറയുന്നു.
താന്‍ അസോസിയേറ്റ് ഡയറക്ടര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ചിത്രത്തിന്റെ കഥ കേള്‍ക്കണം എന്നായി മമ്മൂട്ടിയുടെ ആവശ്യം. എന്നാല്‍ കഥാപാത്രത്തെ കുറിച്ചുള്ള വിവരണം മാത്രമാണ് താന്‍ നല്‍കിയത്. മകനായി മോഹന്‍ലാലാണ് അഭിനയിക്കുന്നത് എന്ന് പരഞ്ഞപ്പോള്‍ മമ്മൂട്ടി ഞെട്ടി. മോഹന്‍ലാലോ... അതെങ്ങനെ ശരിയാകും എന്നായിരുന്നും മമ്മൂട്ടി ചോദിച്ചത്.
കഥാപാത്രത്തിന് രണ്ട് സ്റ്റേജാണ് ഒന്ന് ചെറുപ്പം, മറ്റേത് പ്രായമായ അവസ്ഥ എന്ന് മമ്മൂട്ടിയോട് പറഞ്ഞെങ്കിലും അദ്ദേഹത്തിന് തൃപ്തി യായിരുന്നില്ല. സെറ്റിലെത്തി കഥ കേട്ടപ്പോഴാണ് അദ്ദേഹം ഓക്കെ ആയത്.-സിബി മലയില്‍ പറഞ്ഞു.






