ന്യൂഡല്‍ഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ മറ്റ് ജഡ്ജുമാര്‍ക്ക് പ്രതിഷേധം. കെ.എം ജോസഫിനോട് അനീതി കാണിച്ചുവെന്നാണ് പൊതുവികാരം. ഇക്കാര്യം നാളെ ജസ്റ്റിസ് ദീപക് മിശ്രയെ കണ്ട് അറിയിക്കും. ജസ്റ്റിസ് കെ.എം ജോസഫിന്റെ പേരാണ് ആദ്യം അയച്ചതെങ്കിലും നിലവില്‍ മൂന്നാമതായാണ് സത്യപ്രതിജ്ഞയ്ക്ക് പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ജോസഫിന്റെ പേര് സീനിയോറിറ്റി ലിസ്റ്റില്‍ ആദ്യം വേണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടും.
ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന കെ.എം ജോസഫിന്റെ പേര് രണ്ടാമത്തെ കൊളീജിയം ശിപാര്‍ശയിലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. നേരത്തെ പ്രാദേശിക പ്രാതിനിധ്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പേര് തള്ളുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശിപാര്‍ശയില്‍ അംഗീകരിക്കാതെ മറ്റ് വഴികളില്ലായിരുന്നു. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉത്തരാഖണ്ഡില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം റദ്ദാക്കിയതിന്റെ വിരോധമാണ് ജസ്റ്റിസ് കെ.എം ജോസഫിനോട് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ചതെന്ന ആക്ഷേപവും നിലവിലുണ്ട്.
കെ.എം ജോസഫിന്റെ പേര് തള്ളിയതിനെതിരെ അന്ന് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. കൊളീജിയത്തിന്റെ രണ്ടാം ശിപാര്‍ശയില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ക്കൊപ്പമാണ് കെ.എം ജോസഫിന്റെ പേര് അംഗീകരിച്ചത്. നിയമന ശിപാര്‍ശയില്‍ മറ്റ് ജഡ്ജുമാര്‍ക്കും ശേഷമാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ പേര്. ഇതോടെ സത്യപ്രതിജ്ഞാ ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേര് മൂന്നാമതായി.






