മുംബൈ: തീവ്ര ഹൈന്ദവ സംഘടനയുടെ നേതാവിന്റെ വീട്ടില്‍ നിന്ന് വന്‍ തോതില്‍ സ്ഫോടക വസ്തുക്കളും വിദ്വേഷ പ്രചരണത്തിനായി തയ്യാറാക്കിയ ലഖുലേഖകളും പിടിച്ചെടുത്തു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന നടത്തിയ റെയ്ഡില്‍ ഹിന്ദു ഗോവംശ രക്ഷ സമിതി നേതാവ് വൈഭവ് റാവത്തിന്റെ വീട്ടില്‍ നിന്നുമാണ് സ്ഫോടക വസ്തുക്കളും ലഘുലേഖകളും പിടിച്ചെടുത്തത്. ഇയാളുടെ നല്സോപരയിലെ വീട്ടിലാണ് മഹാരാഷ്ട്ര എ.ടി.എസ് റെയ്ഡ് നടത്തിയത്. ക്രൂഡ് ബോംബ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്.
തുടര്‍ന്ന് ഇയാളെ എ.ടി.എസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. പശു സംരക്ഷകന്‍ എന്ന പേരിലാണ് വൈഭവ് പ്രവര്‍ത്തിച്ചിരുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളുമായെല്ലാം ഇയാള്‍ സഹകരിച്ചിരുന്നു. ഹിന്ദു ജനജാഗ്രതി സമിതിയുടെ കുടക്കീഴില് ഹിന്ദു സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന പരിപാടികളില്‍ എല്ലാ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നതായി ഹിന്ദു ജനജാഗ്രതി സമിതിയുടെ സംസ്ഥാന ഓര്‍ഗനൈസര്‍ സുനില്‍ ഗണ്‍വത് പറഞ്ഞു.
ഹിന്ദു സംഘടനകളുടെ നേതാക്കളെ അനാവശ്യമായി പീഡിപ്പിക്കാനും കേസില്‍ പെടുത്താനുമുള്ള നീക്കമാണ് പോലീസ് നടത്തുന്നതെന്ന് ഗണ്‍വത് ആരോപിച്ചു. മാലേഗാവ് സ്ഫോടനക്കേസിന്റെ രണ്ടാം ഭാഗമാണ് അരങ്ങേറുന്നതെന്നും ഗണ്‍വത് കൂട്ടിച്ചേര്‍ത്തു.






