ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ബീഹാര്‍ ഗവര്‍ണറാണ് സത്യപാല്‍. ജമ്മു കശ്മീരിലെ നിലവിലെ ഗവര്‍ണര്‍ എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ജൂണ്‍ 28നാണ് എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞത്. എന്നാല്‍ അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കാലാവധി നീട്ടി നല്‍കുകയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി ജമ്മു കശ്മീര്‍ ഗവര്‍ണറായിരുന്നു വോറ. ബീഹാറില്‍ സത്യപാല്‍ മാലിക്കിന് പകരം ലാല്‍ജി ടണ്ടണ് ഗവര്‍ണറാകും. ഹരിയാന, ഉത്തരാഖണ്ഡ്, മേഘാലയ, സിക്കിം, ത്രിപുര ഗവര്‍ണര്‍മാര്‍ക്കും മാറ്റമുണ്ട്. ഹരിയാനയില്‍ സത്യദേവ് നാരായണനേയും ബേബി റാണി മൗര്യയെ ഉത്തരാഖണ്ഡിലും മേഘാലയ ഗവര്‍ണറായിരുന്ന ഗംഗാ പ്രസാദിനെ സിക്കിമിലും നിയമിച്ചു.
നിലവില്‍ ത്രിപുര ഗവര്‍ണറായിരുന്ന തതാഗതാ റോയിയെ മേഘാലയ ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഹരിയാന ഗവര്‍ണര്‍ ക്യാപ്റ്റന്‍ സിങ് സോളങ്കിയെ ത്രിപുരയില്‍ ഗവര്‍ണറായി നിയമിച്ചു.






