
കൊച്ചി: സംസ്ഥാനത്ത് കോഴിത്തീറ്റയുടെ വില കുത്തനെ ഉയരുന്നത് കോഴിവളർത്തൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 50 കിലോ തൂക്കമുള്ള ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഏകദേശം 500 രൂപയുടെ വർധനവാണ് ഉണ്ടായത്. ചോളം, സോയ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കോഴിത്തീറ്റയ്ക്കൊപ്പം കോഴിക്കുഞ്ഞുങ്ങളുടെ വിലയും ഇരട്ടിയോളം വർധിച്ചതോടെ ചെറുകിട-ഇടത്തരം കോഴിവളർത്തൽ കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഉൽപാദനച്ചെലവ് ഉയരുന്നതിനാൽ ഓണം സീസണിൽ കോഴിയിറച്ചി വിലയും വർധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വിലനിയന്ത്രണത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.
അതേസമയം, സംസ്ഥാനത്ത് പച്ചക്കറി വിലയും ഉയരുകയാണ്. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ വിലവർധന രേഖപ്പെടുത്തിയിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് വിപണിയിൽ ഇഞ്ചിയുടെ ലഭ്യത കുറഞ്ഞതോടെ കിലോയ്ക്ക് 260 രൂപവരെയായി വില ഉയർന്നു. രണ്ടാഴ്ച മുൻപ് കിലോയ്ക്ക് ഏകദേശം 160 രൂപയായിരുന്നു വില. നിലവിൽ മൊത്തവിപണിയിൽ ഇഞ്ചിക്ക് കിലോയ്ക്ക് 230 മുതൽ 300 രൂപവരെയാണ് വില.






