
ഒരു വര്‍ഷം മുമ്പ് ഇറാഖിലെ മൊസൂള്‍ ഇസ്ളാമിക് സ്റ്റേറ്റിന്റെ പിടിയില്‍ നിന്നും മോചിതമായ ശേഷം സന്തോഷത്തിന്റെ അനേകം കഥകളാണ് വടക്കന്‍ ഇറാഖില്‍ നിന്നും പുറത്തുവരുന്നത്. ഹുസ്നി മുറാദ് പിസ്സിയുടെയും ഭാര്യ ജിലാന്റെയും സന്തോഷകരമായ പുന:സമാഗമം അത്തരത്തില്‍ ഒന്നാണ്. ഹൃദയസ്പര്‍ശിയായ ഒരു പ്രണയസിനിമയെ വെല്ലും ഹുസ്നിയുടെയും ജിലാന്റെയും ജീവിതം.
നാലു വര്‍ഷം മുമ്പായിരുന്നു ജിഹാദികള്‍ ഇറാഖ് പിടിച്ച് ഗ്രാമങ്ങളായ ഗ്രാമങ്ങള്‍ മുഴുവന്‍ തകര്‍ത്ത് മതന്യൂനപക്ഷങ്ങളായി വിലയിരുത്തപ്പെടുന്ന പതിനായിര കണക്കിന് യസീദികളെ കൂട്ടക്കൊല നടത്തിയത്. സീഞ്ഞാര്‍ മലനിരയില്‍ നിന്നും ലൈംഗികാടിമകളായി 5,000 യസീദി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. സീഞ്ഞാര്‍ മലനിരയിലേക്ക് 50,000 പേര് രക്ഷപ്പെടുകയും അവര്‍ അവിടെ കെണിയില്‍ അകപ്പെടുകയും അമേരിക്ക അവിടെ വ്യോമാക്രമണം നടത്തുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് യസീദികളുടെ യഥാര്‍ത്ഥ വിധി ലോകമറിഞ്ഞത്.
എന്നാല്‍ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ലൈംഗികാടിമകളായി പിടിച്ചുകൊണ്ടു പോയ ജിലനെപ്പോലെയുള്ളവര്ക്ക് ഇതൊന്നും തുണയായില്ല. അവരെല്ലാം മൊസൂളിലേക്ക് പോകാന്‍ വിധിക്കപ്പെടുകയും ശാരീരിക മാനസീക അടിമത്തത്തിന് കീഴില്‍ കഴിയേണ്ടി വരികയും ചെയ്തു. തീവ്രവാദികളില്‍ നിന്നും രാജ്യം മോചിതനാകും വരെ ഇവരില്‍ പലര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇപ്പോഴും പതിനായിരങ്ങള്‍ അവരുടെ പിടിയിലാണോ കാണാതായോ എന്നത് വ്യക്തമല്ല. എന്നാല്‍ ഹുസ്നിയുടെയും ജിലന്റെയും പുന:സമാഗമം സിനിമാക്കഥ പോലെ പിരിമുറുക്കം നിറഞ്ഞതാണ്.
മുപ്പത് മാസം നീണ്ട തടവിനിടയില്‍ അസാധാരണ ധൈര്യം കിട്ടിയ ജിലാന് ഒരു തീവ്രവാദിയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച ശേഷം അതില്‍ നിന്നും ഭര്‍ത്താവിനെ വിളിക്കുകയായിരുന്നു. ഒളിച്ചും പതുങ്ങിയുമുള്ള സംഭാഷണത്തിനിടയില്‍ തന്നെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം ഭര്‍ത്താവിന് പറഞ്ഞു കൊടുക്കുകയും ചെയ്തു. വിവരം കിട്ടിയതോടെ ഭാര്യയെ രക്ഷിക്കാന്‍ അസാധാരണ പദ്ധതി തയ്യാറാക്കിയ ഹുസ്നി തന്റെ ഭാര്യയെ പിടിച്ചുകൊണ്ടു പോയവനെ കൊല്ലാന്‍ ഒരു കൊലയാളിയെ വാടകയ്ക്ക് എടുക്കുകയും അയാളുടെ ആയുധത്തിന്റെ ബലത്തില്‍ ഭാര്യയെ മൊസൂളിലേക്ക് കടത്തുകയുമായിരുന്നു.
എല്ലാം വീണ്ടും തുടങ്ങാന്‍ പ്രയാസമൊന്നുമില്ല. എന്നാല്‍ താന്‍ സന്തോഷവതിയും ആകാംഷാഭരിതയുമാണെന്നും ഇപ്പോഴും ഭാര്യയുമൊത്തൊരു പുതുജീവിതം അതു മാത്രമാണ് മുമ്പിലുള്ളതെന്ന് ഭാര്യയുമായി വീണ്ടും കണ്ടുമുട്ടിയ ഹുസ്നി പറയുന്നു. രണ്ടുപേര്‍ക്കും ഇപ്പോള്‍ റോവ എന്ന ആറുമാസം പ്രായത്തിലുള്ള ഒരു സന്തോഷം കൂടിയുണ്ട്. തനിക്ക് പ്രതീക്ഷ നഷ്ടമായിരുന്നു. എന്നാല്‍ നീ തിരിച്ചുവരുമെന്നും വീണ്ടും നമ്മള് സ്നേഹിക്കുമെന്നും നിനക്ക് വേണ്ടി ഞാന്‍ ഇവിടെയുണ്ടെന്നും ഹുസ്നി ഫോണില്‍ ഭാര്യയോട് പറഞ്ഞു.
അതേസമയം ഹുസ്നി ജുലാന് ദമ്പതികളുടെ അസാധാരണ കഥ പുറത്ത് വരാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഹുസ്നിയുടെ ഇളയ സഹോദരിയാണ് ഐഎസ് തീവ്രവാദികള്‍ക്ക് കീഴില്‍ ലൈംഗികാടിമത്തം അനുഭവിക്കപ്പെട്ട് ലോകശ്രദ്ധ ആകര്‍ഷിച്ച നദിയാ മുറാദ്. തീവ്രവാദികളുടെ പിടിയില്‍ നിന്നും സ്വയം രക്ഷപ്പെട്ട് ഐഎസ് ക്രൂരതയെക്കുറിച്ച് ലോകത്തെ അറിയിച്ചത് അവരായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സഹായത്തോടെ നദിയാ മുറാദ് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ യസീദി പെണ്‍കുട്ടികളുടെ ദുരവസ്ഥ ലോകത്തെ അറിയിച്ച് ലോകമനസ്സാക്ഷിയെ വിളിച്ചുണര്‍ത്തുകയായിരുന്നു.
പോലീസുകാരനായ ഹുസ്നി ജോലിക്ക് പോയ സമയത്ത് 2014 ആഗസ്റ്റ് 3 നായിരുന്നു മുറാദിന്റെ കോച്ചോ ഗ്രാമം ഐഎസ് പിടികൂടിയത്. വീട്ടിലെത്താന്‍ പോലും കഴിയാതിരുന്ന ഹുസ്നി സീഞ്ഞാര്‍ മലനിരയിലേക്കാണ് രക്ഷപ്പെട്ടത്. അവിടെ തന്റെ കുടുംബം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ ഭാര്യ, മാതാവ്, നദിയ, മറ്റ് രണ്ടു സഹോദരിമാര്‍, ആറ് സഹോദരന്മാര് എന്നിവരെയെല്ലാം ഗ്രാമത്തിലെ സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ 300 പേര് കൂട്ടക്കൊലയ്ക്ക് ഇരയായപ്പോള്‍ അതില്‍ ഹുസ്നിയുടെ ആറ് സഹോദരന്മാരും ഉണ്ടായിരുന്നു. മാതാവും കൊല്ലപ്പെട്ടു. പിതാവ് നേരത്തേ മരിച്ചതിനാല്‍ ഇതൊന്നും കാണേണ്ടി വന്നില്ല.
ജിലന് ഉള്‍പ്പെടെയുള്ള കുട്ടികളില്ലാത്തതും വിവാഹിതരല്ലാത്തവരുമായ സ്ത്രീകളെ മൊസൂളിലേക്കാണ് കൊണ്ടുപോയത്. 20 ദിവസത്തോളം അവിടെ ഒരു വീട്ടില്‍ ലൈംഗികാടിമകളായി പാര്‍പ്പിച്ചു. ഈ സമയത്ത് നാദിയ കാട്ടിയ ധൈര്യം ജിലന് ഓര്‍ക്കുന്നു. ശക്തമായി തിരിച്ചടിച്ച് ഏക പെണ്‍കുട്ടി അവളായിരുന്നെന്ന് ജിലന് പറയും. അവളെ അവര്‍ അടിച്ചപ്പോള്‍ അവര്‍ അവരെയും അതേ നാണയത്തില്‍ തിരിച്ചടിച്ചു. അവളുടെ ഒരു കവിളത്ത് അടിച്ചവന്റെ അതേ കവിളത്ത് അവളും തിരിച്ചടിച്ചു. എന്നാല്‍ താന്‍ അത്ര ധൈര്യം ഉള്ള ആളായിരുന്നില്ല. നല്ല ഉയരമുള്ള ഒരു തടിയനാണ് ജിലനെ തെരഞ്ഞെടുത്തത്. നാദിയ മൂന്ന് മാസം കഴിഞ്ഞ് രക്ഷപ്പെട്ടെങ്കിലും ജിലന് 2016 ഡിസംബര്‍ വരെ തീവ്രവാദികളുടെ പിടിയിലായിരുന്നു.
പിടിയിലായ ആദ്യത്തെ വര്‍ഷം ഒരു മുറിയില്‍ തനിച്ചാണ് ജിലനെ പാര്‍പ്പിച്ചത്. പിന്നീട് അയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം പാര്‍പ്പിച്ചു. അതിന് ശേഷവും നിരന്തരം ബലാത്സംഗത്തിനിരയായി. പ്രതിഷേധിച്ചാല്‍ ദിവസവും മര്‍ദ്ദിക്കുമായിരുന്നു. ഒരു ഇരുമ്പു വടികൊണ്ട് നിരന്തരം ഇയാള്‍ മര്‍ദ്ദിച്ചു. ഇതിനിടയിലാണ് ദൈവം ഒരു ഫോണ്‍ എത്തിച്ചു തന്നത്. ജീവിതം അപകടകരമായ സാഹചര്യത്തില്‍ അല്‍പ്പം വിപദിധൈര്യം കിട്ടി. ജീവിച്ചിരിപ്പുണ്ടെന്ന് പോലും ഉറപ്പില്ലാത്ത ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹം പ്രതികരിച്ചപ്പോള്‍ ആദ്യം കണ്ണു നിറഞ്ഞൊഴുകി. രണ്ടുപേരും ആദ്യം കരഞ്ഞു. പിന്നീട് ചിരിച്ചു, വീണ്ടും കരഞ്ഞു. പരസ്പരം ഇനി കാണാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നല്ല. നിരന്തരമുള്ള പീഡനം നിമിത്തം ഹുസ്നിക്ക് ജീവിക്കാന്‍ പോലും പ്രയാസമായിരുന്നു.
എന്നാല്‍ മാറ്റമില്ലാത്ത പ്രണയം സ്വാതന്ത്ര്യം നല്കി. താന്‍ രക്ഷിക്കാനെത്തുമെന്ന് ഭാര്യയ്ക്ക് ധൈര്യം നല്‍കിയെന്ന് ഹുസ്നി പറഞ്ഞു. അവിടെ നിന്നും ഹുസ്നി തന്റെ ഒരു സുഹൃത്തിന്റെ സഹായമാണ് ആദ്യം തേടിയത്. അപകടം പിടിച്ച പണിയായിട്ടും അയാള്‍ ജിലനെ തട്ടിക്കൊണ്ടു പോയവനെ കൊല്ലാന്‍ ഒരു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിത്തന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് അയാളെ ഒരു കാറിലിട്ട് കൊലപ്പെടുത്തി. പിന്നീട് എല്ലാം വേഗത്തിലായി. രണ്ടാഴ്ചയ്ക്ക് ശേഷം ഹുസ്നിയുടെ കൂട്ടുകാരന് ജിലനെ പൊക്കാന്‍ അവസരം ലഭിച്ചു. പിന്നീട് ഇറാക്ക് സൈന്യത്തിന്റെ ചെക്ക്പോയിന്റില്‍ എത്തിച്ച് ഹുസ്നിക്ക് ജിലനെ കൈമാറി.
അതേസമയം പതിനായിരക്കണക്കിന് യസീദികള് ഇപ്പോഴും നിലനില്‍പ്പിനായി പോരാടുകയാണ്. ഒഴിഞ്ഞുകിടക്കുന്ന സീഞ്ഞാറിലെ വീട്ടിലേക്ക് പലരും മടങ്ങിയെത്തിയിട്ടില്ല. പതിനായിരങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. നാദിയയെ പോലെ ഭാഗ്യം സിദ്ധിച്ച ചിലര്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞു. നാദിയ ഇപ്പോള്‍ ജര്‍മ്മനിയിലാണ്. ജിലന്റെ മാതാപിതാക്കളേയോ സഹോദരനെയോ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദിവസങ്ങളോളം പീഡനത്തിനിരയായ ജിലന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്ക് കൗണ്‍സിലിംഗിലൂടെയാണ് പഴയ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ഈ ദമ്പതികള്‍ സന്തോഷത്തോടെയാണ് കഴിയുന്നത്.






