
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിക്കെതിരെ അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി സര്‍ക്കാര്‍. പ്രളയ ബാധിത മേഖലകളില്‍ കഴിയുന്നവരും, ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്. ഇന്നലെ മാത്രം 92 പേര് രോഗലക്ഷണങ്ങളോടെ ചികിത്സ തേടി ആശുപത്രികളിലെത്തി. ഇതില്‍ 40 പേര്‍ക്ക് രോഗം സ്ഥിതീകരിക്കുകയും ചെയ്തു. മരണ സംഖ്യ 53 ആയി ഉയര്‍ന്നു. ഇന്നലെയും ഇന്നുമായി 13 പേര് മരിച്ചതോടെയാണ് സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കീരിക്കുന്നത്. ഇതുവരെ 651 പേര് രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി എന്നാണ് കണക്കുകള്‍. ഇതില്‍ ഇന്നലെ വരെ 269 പേര്‍ക്കാണ് എലിപ്പനി സ്ഥിതീകരിച്ചത്.
ശ്വാസകോശത്തെ ബാധിക്കുന്ന തരം എലിപ്പനിയാണ് പടരുന്നത് അതുകൊണ്ടുതന്നെ മരണ നിരക്ക് കൂടിയേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് എലിപ്പനി ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിനും ചികിത്സയ്ക്ക് ആവശ്യമായ പെന്‍സിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.






