വാരണാസി: ഗംഗാ നദിയില്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ആഡംബര ബോട്ട് സര്‍വീസ് ആരംഭിച്ചു. അളകനന്ദ എന്ന പേരില്‍ ആരംഭിച്ച പഞ്ചനക്ഷത്ര ബോട്ട് സര്‍വീസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. നോര്‍ഡിക് ക്രൂഡ്ലൈന് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് സര്‍വീസ് തുടങ്ങിയത്. എ.സി സൗകര്യമുള്ള ബോട്ടില്‍ 125 പേര്‍ക്ക് യാത്ര ചെയ്യാം. ഗംഗാതീരത്തെ 84 ഘട്ടുകളുടേയും കാഴ്ച ആസ്വദിക്കാന്‍ കഴിയും വിധമാണ് ബോട്ട് സര്‍വീസ്.
അതേസമയം ബോട്ട് സര്‍വീസിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം സന്യാസിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ആഡംബര ബോട്ടില്‍ മദ്യവും മാംസവും വിളമ്പുമെന്ന് ആരോപിച്ചാണ് സന്യാസിമാരുടെ പ്രതിഷേധം. ഇത് ഗംഗയെ മലിനമാക്കുകയും പാശ്ചാത്യ സംസ്കാരത്തിന് വഴി തുറക്കുകയും ചെയ്യുമെന്നും സന്യാസിമാരുടെ കൂട്ടായ്മയായ ഗംഗാ മഹാസഭ ആരോപിച്ചു. ഹിന്ദുക്കള്‍ മാതാവിനെപ്പോലെ കരുതുന്ന ഗംഗാ നദിക്ക് മുകളില്‍ എങ്ങനെ മദ്യവും മാംസവും വിളമ്പുമെന്ന് ഗംഗാ മഹാസഭ സ്വാമി ജിതേന്ദ്ര സരസ്വതി ചോദിച്ചു.






