
തിരുവനന്തപുരം: എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജപ്രചാരണം നടത്തുന്ന ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡി.ജി.പി.ക്ക് കത്തുനല്‍കി. നവമാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാജപ്രചാരണം നടത്തി എന്നതുകൊണ്ടാണ് മന്ത്രി പരാതി നല്‍കിയത്.
പ്രളയക്കെടുതി മൂലം എല്ലായിടത്തും എലിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുകയാണിപ്പോള്‍. സംസ്ഥാനത്ത് നിരവധി ആളുകള്‍ എലിപ്പനി ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെയാണ് ആരോഗ്യവകുപ്പ് എലിപ്പനി പ്രതിരോധിക്കാന്‍ മുന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നിരവധി പ്രതിരോധമരുന്നുകള്‍ നല്‍കുകയും ജനങ്ങളില്‍ ബോധവത്കരണം നടത്തുകയും ചെയ്തുവരുകയാണ് ആരോഗ്യവകുപ്പ്. ഇതിനിടെയാണ് നവമാധ്യമങ്ങള്‍ വഴി ജേക്കബ് വടക്കുംചേരി കള്ളപ്രചരണം നടത്തിയത്.
എന്നാല്‍ പ്രളയാനന്തരം പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. എലിപ്പനിക്കുള്ള പ്രതിരോധ മരുന്ന് മുന്‍കൂട്ടി സംഭരിച്ച് ആശുപത്രകളിലെത്തിച്ചിരുന്നു. വിതരണം ചെയുന്ന മരുന്നുകള്‍ പലരും കഴിക്കാത്തതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നും മന്ത്രി വ്യക്തമാക്കി.






