
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിട്ടും നിലപാടിൽ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തൊരപ്പൻ പണി കാട്ടുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സർക്കാരിനെ അനുസരിക്കാത്തവർ തന്റെ കാലത്ത് തുടരില്ലെന്നും മന്ത്രി ആവർത്തിച്ചു. റീനയ്ക്ക് അനുകൂലമായി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് ഉണ്ടായ ഉത്തരവ് സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
പി.എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ ഇനി പിന്മാറാൻ നിവൃത്തിയില്ലെന്നും കെ. മുരളീധരൻ പറഞ്ഞു. "പദ്ധതിയിൽ ഒപ്പിട്ടത് ആരാണ്? ഞങ്ങളാണോ? ഒപ്പിട്ടു ആദ്യത്തെ ക്വാട്ടയും വാങ്ങി. സർവശിക്ഷാ അഭിയാന്റെ വിഹിതം തടഞ്ഞുവെക്കാൻ കാരണമെന്തായിരുന്നു? ഇതിൽ ഒപ്പിടാതെ തരില്ല എന്നാണ് കേന്ദ്രം പറഞ്ഞത്," മന്ത്രി പറഞ്ഞു.






