
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെയും ഗവർണ്ണറുടെ സമാന്തര ഭരണ നീക്കങ്ങൾക്കെതിരെയും കടുത്ത പ്രത്യാകമണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ യു.ഡി.എഫ് ബി.ജെ.പിക്ക് കീഴടങ്ങിയെന്നും പിണറായി വിജയന്‍ പറഞ്ഞു .
സംസ്ഥാനത്ത് പുതിയ സർക്കാർ വന്നതിന് ശേഷം സംഘപരിവാർ അജണ്ടകൾ വല്ലാതെ ദൃശ്യമാകുന്നുണ്ട്. രാജ്യാന്തര യോഗാദിനത്തിന്റെ പേരിൽ ഗവർണ്ണർ സമാന്തര അധികാര കേന്ദ്രമാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണ്ണർ കിട്ടിയഅവസരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അന്തസ്സ് ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണാണെന്നും അദ്ദേഹം ചോദിച്ചു. 2024-ൽ അന്നത്തെ ഗവർണ്ണർ ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും വിളിച്ചുവരുത്താൻ നോക്കിയപ്പോൾ എൽ.ഡി.എഫ് സർക്കാർ എടുത്ത ശക്തമായ നിലപാട് രാജ്യം കണ്ടതാണ്. സംസ്ഥാനത്തിന്റെ അന്തസ്സ് കാക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്.
അതേസമയം കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഒപ്പിട്ടതുകൊണ്ട് മാത്രം പിഎം ശ്രീ നടപ്പിലാകില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. യുഡിഎഫ് സർക്കാർ നയംമാറ്റത്തിന് പ്രേരിപ്പിച്ച ഘടകം എന്താണെന്നും പിണറായി വിജയൻ ചോദിച്ചു. കേന്ദ്രം എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാനത്തിന് നൽകിയിട്ടുണ്ടോ എന്ന് ചോദിച്ച പിണറായി വിജയൻ പിഎം ശ്രീ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശശുദ്ധി യുഡിഎഫ് വിശദീകരിക്കമെന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാവൂ എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
എൽഡിഎഫ് സർക്കാർ ഒരു ധാരണാപത്രം ഒപ്പിട്ടു, അതുകൊണ്ട് ഈ ധാരണാപത്രവുമായി മുന്നോട്ട് പോകൽ മാത്രമേ രക്ഷയുള്ളു എന്നാണ് വാദം. ഈ വാദം ശരിയല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. എസ്എസ്കെ ഫണ്ട് പിടിച്ചുവെച്ചത് വിദ്യാഭ്യാസ മേഖലയെ വരിഞ്ഞുമുറുക്കി. വിദ്യാഭ്യാസ മേഖലയിൽ പണം ചിലവിടുന്നതിന് അത് തടസ്സമായി. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നും പിണറായി വിജയൻ വ്യക്തമാക്കി.






