
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ വൻ പ്രതിസന്ധി. ബ്ലഡ് ബാങ്കിലെ രക്തം സൂക്ഷിക്കുന്ന കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളിലെ കോപ്പർ വയറുകൾ മോഷണം പോയതോടെ രക്തം സംഭരിക്കുന്ന സംവിധാനം തകരാറിലായി.
മലബാറിലെ ഏറ്റവും തിരക്കേറിയ മെഡിക്കൽ കോളജുകളിലൊന്നായ ആശുപത്രിയിലെ കോൾഡ് റൂമുകളുടെ നാല് ഔട്ട്ഡോർ യൂണിറ്റുകളിൽ നിന്ന് നാല് മീറ്റർ വീതമുള്ള കോപ്പർ പൈപ്പുകളാണ് പൂർണമായും മുറിച്ചെടുത്തത്. ഇതോടെ കംപ്രസർ യൂണിറ്റിലേക്ക് വെള്ളം കയറി കോൾഡ് റൂം സംവിധാനം പൂർണമായും പ്രവർത്തനരഹിതമായി.
നിലവിൽ രക്തം സൂക്ഷിക്കാൻ ആവശ്യമായ ശീതീകരണ സംവിധാനം ലഭ്യമല്ലാത്തതിനാൽ മറ്റ് വകുപ്പുകളിലെ ഫ്രിഡ്ജുകളിലാണ് രക്തം സൂക്ഷിക്കുന്നത്. ഇത് ആശുപത്രിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച നടന്ന മോഷണവിവരം പുറംലോകം അറിയാൻ വൈകിയിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





