തിരുവനന്തപുരം: നവകേരള നിര്‍മ്മാണത്തിനായി കെ.പി.എം.ജി എന്ന കണ്‍സള്‍ട്ടന്‍സിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് മന്ത്രി ഇ.പി ജയരാജന്. കെ.പി.എം.ജി വിവാദ കമ്പനിയാണെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് ജയരാജന് പറഞ്ഞു.
കെ.പി.എം.ജിക്കെതിരെ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള നാശനഷ്ട കണക്കെടുപ്പില്‍ പരാതിയുള്ളവര്‍ കലക്ടറെ അറിയിക്കണമെന്ന് മന്ത്രി അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനായി ഐ.ടി വകുപ്പ് മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ വിതരണം പുരോഗമിക്കുകയാണ്. ദുരിതാശ്വാസ കിറ്റുകള്‍ അഞ്ചരലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. 36,000 കിറ്റുകളാണ് വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്. എത്രയും വേഗം ഇത് പൂര്‍ത്തീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






