
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കെ.പി.എം.ജി പ്രവര്‍ത്തനം ആരംഭിച്ചു. ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥരും കെ.പി.എം.ജി ഇന്ത്യാ ഓഫീസിന്റെ മുംബൈ ആസ്ഥാനത്ത് ഒരു സംഘവുമാണ് ഇപ്പോള്‍ കേരളത്തിനായി പ്രവര്‍ത്തിക്കുന്നത്.
കമ്പനിക്കെതിരെ വിവിധ രാജ്യങ്ങളില്‍ ഓഡിറ്റ്, നികുതി സംബന്ധമായ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. ഈ മേഖലയിലെ വമ്പന്‍ കമ്പനികള്‍ക്ക് പോലും ഇത്തരത്തില്‍ കേസുകള്‍ ഉണ്ടെന്നും പദ്ധതികള്‍ രൂപകല്പന ചെയ്യുന്നതില്‍ ഇവരുടെ മികവ് സൗജന്യമായി പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രളയക്കെടുതികള്‍ തരണംചെയ്യാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതില്‍ സംസ്ഥാനത്തിന് സൗജന്യമായി ബൗദ്ധികസേവനം നല്‍കുക മാത്രമാണ് കെ.പി.എം.ജി. ചെയ്യുന്നതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.
കേരളത്തില്‍ കെ.പി.എം.ജി ആദ്യമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് ആസൂത്രണ ബോര്‍ഡ് അംഗം ജി വിജയരാഘവന് പറഞ്ഞു. മുന്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് കെ.പി.എം.ജി, ഏണസ്റ്റ് ആന്‍ഡ് യങ് തുടങ്ങിയ കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടത്തെ സംരംഭകര്‍ മറ്റ് സംസ്ഥാനങ്ങളിലെ സംരംഭകരെക്കാള്‍ സന്തുഷ്ടരാണെന്ന കെ.പി.എം.ജിയുടെ റിപ്പോര്‍ട്ടാണ് കേരളം വ്യവസായസൗഹൃദമാണെന്ന് പ്രചരിപ്പിക്കാന്‍ ഒരുകാലത്ത് ഉപയോഗിച്ചത്. -വിജയരാഘവന് പറഞ്ഞു.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ സിലിക്കണ്‍വാലി സന്ദര്‍ശിച്ചതിന് ക്രമീകരണങ്ങളെല്ലാം നടത്തിയത് ഇപ്പോള്‍ കെ.പി.എം.ജി. ഇന്ത്യയുടെ മേധാവിയായ അരുണ്‍ കുമാര്‍ ആണ്. ആ സന്ദര്‍ശനമാണ് കേരളത്തില്‍ ടെക്നോപാര്‍ക്ക് ഉണ്ടാകാന്‍ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തമാക്കി.
കെ.പി.എം.ജി. ഇന്ത്യയുടെ മേധാവി മലയാളിയായ അരുണ്‍ എം. കുമാറും സീനിയര്‍ പാര്‍ട്ണറും മറ്റൊരു മലയാളിയുമായ സച്ചിന് മേനോനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കിയിരുന്നു.






