മുംബൈ: ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി അമോല്‍ കാലയെ നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തു. ഗൗരി ലങ്കേഷ് വധക്കേസില്‍ കഴിഞ്ഞ മെയ് മാസത്തിലാണ് കാലയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ദബോല്‍ക്കര്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്.
ഗൗരി ലങ്കേഷ് വക്കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് ദബോല്‍ക്കര്‍ വധക്കേസിലെ പങ്ക് വ്യക്തമായത്. ദബോല്‍ക്കര്‍ വധക്കേസിലെ മുഖ്യ സൂത്രധാരനാണ് പ്രതി. അമോല്‍ കാലെയും കേസിലെ മുഖ്യപ്രതിയായ സച്ചിന് പ്രകാശ് റാവു അന്ഡുറെയും ഔറംഗാബാദില്‍ വച്ച് കണ്ടുമുട്ടുകയും സമീപമുള്ള ലോഡ്ജില്‍ താമസിക്കുകയും ചെയ്തിരുന്നു. അവിടെവച്ചാണ് സച്ചിന് അമോല്‍ കാലെ തോക്ക് കൈമാറിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍.
ഗൗരി ലങ്കേഷിനെയും ദബോല്‍ക്കറെയും കൊന്നതിന് പിന്നില്‍ ഒരു സംഘം തന്നെയാണെന്നും ഇരുവരെയും കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് ഒരു തോക്ക് തന്നെയാണെന്നും കണ്ടെത്തിയിരുന്നു.






