
ജെഹാനാബാദ്: ഭാരത് ബന്ദില്‍ കുടുങ്ങി ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ബീഹാറില്‍ രണ്ട് വയസ്സുകാരി മരിച്ചെന്ന വാര്‍ത്ത വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. ബന്ദിന് ആഹ്വാനം ചെയ്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ബിജെപി ഈ വിഷയം രാഷ്ട്രീയ ആയുധമാക്കി. തുടര്‍ന്ന് ജെഹനാബാദ് കളക്ടര്‍ വിഷയത്തില്‍ അന്വേഷണം നടത്തിയതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുന്നത്.
വയറിളക്കം മൂലം ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സുകാരി ഗൗരി കുമാരിയെ ഭാരത്ബന്ദ് നടന്ന സെപ്റ്റംബര്‍ പത്തിനാണ് ആസുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുമ്പെ കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സോ മറ്റ് നാല് ചക്ര വാഹനങ്ങളോ കിട്ടിയില്ലെന്നാണ് കുഞ്ഞിന്റെ പിതാവ് പ്രമോദ് മാഞ്ചി പറഞ്ഞിരുന്നത്. ഓട്ടോയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴി ഓട്ടോയും ബന്ദ് അനുകൂലികള്‍ തടഞ്ഞുവെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വാക്ക് തിരുത്തിയിരിക്കുകയാണ് ആദ്ദേഹം. ഓട്ടോ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ലെന്നാണ് പ്രമോദ് ഇപ്പോള്‍ പറയുന്നത്.
ഭാരത് ബന്ദ് മൂലമല്ല കുഞ്ഞ് മരിച്ചത്. കുഞ്ഞിനെയും കൊണ്ട് വൈകിയാണ് മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് തിരിച്ചത്. ഒരുദിവസം മുന്‍പെ കുഞ്ഞിന്റെ അവസ്ഥ രൂക്ഷമായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല. തൊട്ടടുത്തുള്ള ബാലാബിഗ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ദൂരക്കൂടുതലുള്ള ജെഹാനാബാദിലെ സദാര്‍ ആശുപത്രിയിലേക്കാണ് കുട്ടിയെ മാതാപിതാക്കള്‍ പോയത്. ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറുടെ മൊഴി പ്രകാരം. ഒരു സിഗ്നലില്‍ ഓട്ടോ നിര്‍ത്തിയെന്നത് സത്യമാണ്. എന്നാല്‍ അപ്പോള്‍ത്തന്നെ വിട്ടയച്ചു.-കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുകൊണ്ട് പ്രാഥമികാന്വേഷണത്തില്‍ കുഞ്ഞിന്റെ മരണത്തിന് ബന്ദുമായി ബന്ധമില്ലെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഈ സംഭവം ഉയര്‍ത്തിപിടിച്ച് കോണ്‍ഗ്രസിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കുമെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി മരണത്തിന് ഉത്തരം പറയണം എന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞത്.






