
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിന്നും ചൈനയിലേക്ക് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ബംഗ്ലാദേശ്, മ്യാന്മാര് വഴി ചൈനയിലെ കുന്മിങിലേക്ക് എത്തുന്ന തരത്തിലാണ് റെയില്‍ പാത ഒരുങ്ങുന്നത്. കൊല്‍ക്കത്തയില്‍ ചൈനീസ് കൗണ്‍സില്‍ ജനറല്‍ മാ ഷാന്‍വു ബുധനാഴ്ചയാണ് ഇക്കാര്യം പറഞ്ഞത്.
ചൈന, കിഴക്കന്‍ ഇന്ത്യ, മ്യാന്മാര്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ വ്യാപാരത്തിന്റെയും സാമ്പത്തീക വികസനത്തിന്റെയും വളര്‍ച്ചയ്ക്ക് ഇന്ത്യാ ചൈന സംയുക്തമായി വളര്‍ച്ചയ്ക്ക് രണ്ട് നഗരങ്ങളും തമ്മിലുള്ള അതിവേഗ ട്രെയിന്‍ സര്വീസുകൊണ്ട നടക്കുമെന്ന് കോണ്‍ഫറന്‍സില്‍ വച്ച് ഷാന്‍വു പറഞ്ഞു.
ഇത് സാധ്യമായാല്‍ മണിക്കൂറുകള്‍കൊണ്ട് ചൈനയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് എത്താന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്മാര് (ബി.സി.ഐ.എം) സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിലൂടെ മേഖലയുടെ ആകെ വികസനം സാധ്യമാകും. ഷാന്‍വു പറഞ്ഞു. ഇന്ത്യയും ചൈനയും സംയുക്തമായി വേണം പാതയുടെ നിര്‍മ്മാണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015ല്‍ കുന്‍മിങ്ങിലെ ഗ്രേറ്റര്‍ മെകോങ് സബ്റീജിയണ്‍ മീറ്റില്‍ ഇത്തരമൊരു പ്രോജക്റ്റിനെക്കുറിച്ച് നിര്‍ദ്ദേശിച്ചിരുന്നു. പദ്ധതി നടപ്പാക്കാന്‍ ഇന്ത്യ മുന്നോട്ട് വരണമെന്നും യോജിച്ചുനിന്നാല്‍ ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ നേട്ടമുണ്ടാക്കാനാകുമെന്നും ഷാന്‍വു പറഞ്ഞു.






