
ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഏഴാം സീഡായ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അവസാനമാകുകയായിരുന്നു. ദക്ഷിണ കൊറിയന്‍ താരം ലീ ഡോങ് കിയുനിനോട് 19-21, 21-16, 21-18 എന്നീ സ്കോറിനാണ് ശ്രീകാന്ത് അടിയറവ് പറഞ്ഞത്. ജപ്പാന് ഓപ്പണ്‍ സെമിയില്‍ പുരുഷ വിഭാഗത്തിലും -വനിതാ വിഭാഗത്തിലും ഇന്ത്യന്‍ താരങ്ങളില്ലാതെ വരുന്നത് ഒരുപാട് കാലത്തിനു ശേഷമാണ്.
നേരത്തെ അടുത്തിടെ നടന്ന ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളിമെഡല്‍ ജേതാവായ പി.വി. സിന്ധു രണ്ടാം റൗണ്ടില്‍ ചൈനയുടെ ഫാന്ജിയേ ഗാവോവിനോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ സൈന നേഹ്വാള് ജപ്പാണ് ഓപ്പണില്‍ പങ്കെടുത്തില്ല.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ മറ്റു താരങ്ങളായ എച്ച്.എസ് പ്രണോയി രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരം സിനിസുക ജിന്റിംഗിനോട് 21-14, 21-17 എന്നീ സ്കോറിനും സമീര്‍ വര്‍മ്മ ആദ്യ റൗണ്ടില്‍ ക്വാര്‍ട്ടറിലെ ശ്രീകാന്തിന്റെ എതിരാളിയോട് 2ഡ-18, 20-22, 21-10 എന്നീ സ്കോറിനും തോറ്റു പുറത്തായിരുന്നു. എല്ലാത്തിനും പുറമെ ഇന്ത്യയുടെ ഏക പ്രതീക്ഷ ആയിരുന്ന കിഡംബി ശ്രീകാന്തിന്റെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചതോടെ ജപ്പാണ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അസ്തമനമായി.






