
തിരുവനന്തപുരം : പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കാനായി അദാലത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് അറിയിച്ചു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റ ദിവസം ഒരിടത്തു നിന്നു ലഭിക്കാന്‍ സംസ്ഥാന വിവര സാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ടാക്സ് ഫോഴ്സ് രൂപകല്പന ചെയ്ത് ഏകജാലക സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്.
അദാലത്തുകളില്‍ ഐടി മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്. പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടു തന്നെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറിലേയ്ക്ക് മാറും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും.
നഷ്ടപ്പെട്ടുപോയ ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, ആധാരങ്ങള്‍, ബാങ്ക് രേഖകള്‍, റേഷന്‍കാര്‍ഡുകള്‍ തുടങ്ങി പല രേഖകളും വീണ്ടും ലഭ്യമാകും. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജി ലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.






